
മലപ്പുറം: സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഉമർ ഫൈസി മുക്കം വിവാദപ്രസ്താവന നടത്തിയതിന് പിന്നാലെ വ്യത്യസ്ത നിലപാട് സ്വീകരിച്ച് ലീഗ് നേതാക്കൾ. അഡ്വ. നജ്മ തബ്ഷീറ പ്രസ്താവനയെ തള്ളിയപ്പോൾ പികെ നവാസ് മതത്തിന്‍റെ അഭിപ്രായം പറയുന്നവരെ വിമർശിക്കേണ്ടതില്ലെന്നാണ് നിലപാടെടുത്തത്. സ്ത്രീകൾ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും സമസ്ത ലീഗിന് അതിന് അനുവാദം നൽകിയില്ലെന്നും മത്സരിക്കാൻ പ്രാപ്തരായ പുരുഷന്മാരുണ്ടെന്നുമായിരുന്നു ഉമർ ഫൈസിയുടെ വിവാദ പ്രസ്താവന. 2024 ലാണ് തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ ആണെന്ന പ്രസ്താവന ഉമർ ഫൈസി മുക്കം നടത്തിയത്.
അന്നത് വിവാദമാവുകയും കേസ് ആവുകയും ചെയ്തു. ഇതിന് പിന്നാലെയാണിപ്പോള്‍ സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് ഉമർ ഫൈസി രംഗത്തുവന്നത് ചർച്ചയാവുന്നത്. പ്രസ്താവന മുഖവിലക്കെടുക്കേണ്ടതില്ലെന്നും കാലഹരണപ്പെട്ടത് എന്നുമാണ് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറയുടെ നിലപാട്. എന്നാൽ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റും താനൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി കെ നവാസിന് പ്രതിഷേധ സ്വരമില്ല, മതപണ്ഡിതരുടെ അഭിപ്രായത്തെ വിമർശിക്കേണ്ടതില്ലെന്നാണ് നവാസിന്‍റെ നിലപാട്. താനൂർ ജയിക്കണമെങ്കിൽ സമസ്തയുടെ വോട്ടുകളും വേണമെന്നതാണ് തള്ളാതെയും കൊള്ളാതെയുമുള്ള നവാസിന്‍റെ നിലപാട് സൂചിപ്പിക്കുന്നത്.
സമസ്തയിലെ ലീഗ് വിരുദ്ധ നേതാവായ ഉമർ ഫൈസിയെ തള്ളി സമസ്തയിലെ ലീഗ് അനുകൂലികൾ രംഗത്തുവന്നിരുന്നു. സമസ്തയെ അനാവശ്യ ചർച്ചകളിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ തന്നെ ഉമർ ഫൈസിയെ തിരുത്തി. സ്ത്രീകളെ മത്സര രംഗത്തേക്ക് കൊണ്ടുവരുന്നതിൽ പോസിറ്റീവ് നിലപാട് സ്വീകരിക്കുകയാണ് മുസ്ലിം ലീഗ്. എന്നാൽ, ഉമർ ഫൈസിയെ തള്ളിപ്പറഞ്ഞ് ലീഗ് - സമസ്ത വിവാദമുണ്ടാക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്‍റെയും നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam