'പറഞ്ഞത് സാങ്കല്‍പ്പികമായി, പരാതിക്ക് പിന്നില്‍ സിപിഎം'; പ്രതികരിച്ച് സലിം കുമാര്‍

Published : Mar 31, 2026, 02:27 PM IST
actor salim kumar

Synopsis

സലിം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ആദ്യമായി പ്രതികരിക്കുകയാണ് സലിം കുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സലിം കുമാര്‍ പ്രതികരിച്ചത്. 

മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ സലിം കുമാറിനെതിരെ ദ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് എന്ന സംഘടന പരാതി നൽകിയിരുന്നു. സലിം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ആദ്യമായി പ്രതികരിക്കുകയാണ് സലിം കുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സലിം കുമാര്‍ പ്രതികരിച്ചത്.

'ടിവിയിൽ വാര്‍ത്ത കണ്ടപ്പോഴാണ് ഇങ്ങനെ ഒരു പരാതി പോയതായി ശ്രദ്ധയില്‍പ്പെട്ടത്. അല്ലാതെ എന്നോട് ആരും വിളിച്ചൊന്നും പറഞ്ഞിട്ടില്ല. ഇതിന്‍റെ പിന്നില്‍ സിപിഎം ആണെന്ന് ഉറപ്പാണ്. അല്ലാതെ മറ്റാര്‍ക്കാ ഇതിനൊക്കെ സമയം? പറഞ്ഞ പ്രസ്താവന പിന്‍വലിക്കുന്നില്ല. കാരണം കേരളത്തില്‍ എവിടെയാണ് ഇങ്ങനെയൊരു ആശുപത്രിയുള്ളത്? ഇങ്ങനെയൊരു മകനും അച്ഛനും പോലും സിപിഎമ്മിന്‍റെ സാങ്കല്‍പ്പിക കഥാപാത്രങ്ങളായിരുന്നു. അവരെ ഞാന്‍ കണ്ടിട്ടില്ലല്ലോ. അങ്ങനെ രണ്ട് വ്യക്തികളോ ഊളമ്പാറ ആശുപത്രിയോ ഇല്ലാത്ത പക്ഷം ഞാന്‍ ആരെ ആക്ഷേപിച്ചു എന്നാണ് പരാതി? മാനസിക രോഗികളെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല പറഞ്ഞത്. സാങ്കല്‍പ്പികമായി പറഞ്ഞ കാര്യത്തിന് പരാതിയോ? പേഴ്സണലി ഞാൻ ഒരു വ്യക്തിയെയും വ്യക്തിഹത്യ ചെയ്തതല്ല. ഒരു ഹോസ്പിറ്റലിനെയും ഒരു രോഗത്തെയും ഒരു രോഗിയെയും ഞാൻ മോശമാക്കി കാണിച്ചതല്ല. ഇല്ലാത്ത വ്യക്തിയെ ഹത്യ നടത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഞാനൊന്ന് ട്രോളിയതിനാണോ പരാതി?'- സലിം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

'നേതാക്കള്‍ ആരും ഇതിനെതിരെ പ്രതികരിച്ചതായി കണ്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ എന്നെയും എന്‍റെ മകനെയും ഭയങ്കരമായിട്ട് തെറി പറയുന്നുണ്ട്. അത് സിപിഎമ്മിന്‍റെ സംസ്കാരമാണ്. എതിരാളികളെ തെറി പറഞ്ഞ് തോൽപ്പിക്കുക എന്നതാണ് അവരുടെ രീതി. സംസ്കാരം ഒന്നും വില കൊടുത്താൽ കിട്ടുന്നതല്ലല്ലോ.

ഞാനൊരു മെസ്സിയുടെ കഥ പറഞ്ഞതില്‍ അവര്‍ക്ക് കുരുപൊട്ടി. അതാണ് കാരണം, വെറൊന്നുമല്ല ഇതിന് പിന്നില്‍. ഭിന്നശേഷിയുള്ള കുട്ടികളെ വെച്ച് സിനിമ പിടിച്ച ഒരു മനുഷ്യനാണ് ഞാൻ. അവരുടെ കഴിവ് പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്. അങ്ങനെയുള്ള ഞാന്‍ മാനസിക രോഗികളെ മൊത്തത്തില്‍ ആക്ഷേപിച്ചു എന്നൊക്കെ പറയുമ്പോൾ നാട്ടുകാർക്ക് മനസ്സിലാകും എന്താണെന്നുള്ളത്. എന്ത് പരാതി പോയാലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഇനിയും പങ്കെടുക്കും. എത്ര സീറ്റ് കിട്ടുമെന്നൊന്നും പ്രവചിക്കാനില്ല. പക്ഷേ ഒരു ഭരണമാറ്റം അത് ആവശ്യമാണ്. കേരളജനത അത് പ്രതീക്ഷിക്കുന്നുണ്ട്'- സലിം കുമാര്‍ പറഞ്ഞു.

സലിം കുമാറിന്‍റെ വിവാദ പ്രസ്താവന ഇങ്ങനെ:

'അഞ്ചാറ് മാസം മുൻപ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടു. അതിൽ പറയുന്നത്, -അദ്ദേഹത്തിന്‍റെ ബന്ധുവാണോ സുഹൃത്താണോ എന്ന് ഞാൻ മറന്നുപോയി- സുഹൃത്തിന്‍റെ മകൻ അമേരിക്കയിൽ നിന്ന് വന്നു. അമേരിക്കയിൽ നിന്ന് വന്നിട്ട് പറഞ്ഞു. കേരളം കണ്ടിട്ട് ആ പയ്യൻ പറഞ്ഞു, കേരളം ഇതെന്തൊരു മാറ്റമാണ്? അമേരിക്ക പോലും തോറ്റുപോകും എന്ന് പറഞ്ഞെന്ന്. അപ്പോള്‍‌ എനിക്ക് സംശയമായി, ഈ പയ്യൻ ആരായിരിക്കും? എവിടെ ഉണ്ടാകും ഈ പയ്യൻ? അങ്ങനെ ഞാനാ പയ്യനെ അന്വേഷിച്ചു, എനിക്കാ പയ്യനെ കാണാൻ പറ്റി. നമ്മടെ ഊളമ്പാറയിലുള്ള മാനസിക ആശുപത്രിയിലായിരുന്നു. കാരണം, ഞാൻ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടുകിടത്തിയത്? സലീമിന് അറിയാമല്ലോ, രണ്ട് മൂന്ന് പ്രാവശ്യം സലീം അമേരിക്കയ്ക്ക് വന്നതല്ലേ? ഈ കേരളം കണ്ടിട്ട് അമേരിക്കയാന്ന് പറയാൻ, അപ്പോത്തന്നെ അവന് കുഴപ്പമുണ്ടെന്ന് മനസിലായി. അതിന്‍റെ പേരിലാ ഞാൻ ഇവിടെ ഇവിടെ അഡ്മിറ്റാക്കിയത്'- വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചായിരുന്നു നടന്‍ സലിം കുമാര്‍ ഈ പ്രസ്താവന നടത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞാനൊന്ന് ട്രോളിയതിനാണോ പരാതി?'; പ്രതികരിച്ച് സലിം കുമാര്‍
വയനാട് പുനരധിവാസം: വീട് നിർമാണത്തിന് ഒരു അപേക്ഷ പോലും കോൺഗ്രസ് കൊടുത്തിട്ടില്ലെന്ന് എം വി ഗോവിന്ദൻ, 'ഏത് നൂറ്റാണ്ടിലാണ് പണി തീരുക'