
കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സന്ദേശത്തിന് മറുപടിയുമായി പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഉമേഷ് വള്ളിക്കുന്ന്. ഡിഎ കുടിശ്ശിക അനുവദിച്ചതിന് പിന്നാലെയാണ്, ജീവനക്കാരെ ഓരോരുത്തരെയും പേരു പറഞ്ഞ് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയുടെ പേരിൽ വാട്സ് ആപ്പ് സന്ദേശം വന്നത്. ഡിഎ പൂർണമായും അനുവദിച്ചെന്നും വരും നാളുകളിലും കരുതൽ തുടരുമെന്നുമാണ് മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നത്. ഇങ്ങനെയൊരു സന്ദേശം അയക്കാൻ ഉളുപ്പുണ്ടോ മുഖ്യമന്ത്രീ എന്നാണ് ഉമേഷ് വള്ളിക്കുന്നിന്‍റെ ചോദ്യം. ജോലിയെടുത്ത ശമ്പളം തന്നെ ലക്ഷങ്ങൾ തരാനുണ്ടെന്നും ആദ്യം അതൊന്ന് തരാൻ പത്തനംതിട്ട എസ് പി ആനന്ദനോട് പറയാൻ പറ്റുമോ എന്നും ഉമേഷ് വള്ളിക്കുന്ന് ചോദിക്കുന്നു.
"ജീവനക്കാരെ പത്ത് കൊല്ലം ഊറ്റിയിട്ട്, ഇലക്ഷൻ തോൽവി മുന്നിലെത്തിയപ്പോൾ ഉറപ്പും കരുതലുമായി ഇറങ്ങിയിരിക്കുന്നു. സ്തുതി പാടാൻ അടിമകൾക്ക് ഇത് ധാരാളം. പക്ഷേ ബോധമുള്ളവർക്ക് അങ്ങനെയല്ല. ഭരണം വിട്ട് പോകുമ്പോൾ, ഉത്തരവിറക്കാൻ ആർക്കും പറ്റും. ഭരിക്കാൻ തുടങ്ങുമ്പോൾ ചെയ്യാൻ ഇത്തിരി പുളിക്കും"- എന്നാണ് ഉമേഷ് വള്ളിക്കുന്നിന്‍റെ കുറിപ്പിൽ പറയുന്നത്.
"പ്രിയപ്പെട്ട ഉമേഷ് യു, നമസ്കാരം
കഴിഞ്ഞ ബജറ്റിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സർക്കാർ പൂർണ്ണമായും അനുവദിച്ചിരിക്കുന്നു. ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ അനുവദിച്ച 3 ശതമാനത്തിന് പുറമെ, ബാക്കിയുള്ള 10 ശതമാനം ഡിഎ കൂടി അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി വർദ്ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ദ്ധിപ്പിച്ച 3 ശതമാനം ഡിഎയും, ഏപ്രിൽ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച 10 ശതമാനം ഡിഎയും നിങ്ങളുടെ കൈകളിലെത്തും. സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ അഡ്വാൻസ് (എച്ച്ബിഎ) പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട്, വരും നാളുകളിലും ഈ കരുതൽ തുടരും. ഉറപ്പാണ് വാക്ക്.
സ്നേഹത്തോടെ,
പിണറായി വിജയൻ,
മുഖ്യമന്ത്രി"
ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ സ്പാർക്ക് വഴി ശേഖരിച്ചാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക 10 ശതമാനം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് ഇന്നലെയാണ്. ഇത് ഏപ്രിലെ ശമ്പളത്തോടൊപ്പമാണ് കിട്ടുക. കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മുന്‍കാല പ്രാബല്യമില്ല. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കിൽ ഡി എ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സർക്കാർ അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam