തിരുവോണ ദിനത്തിൽ മലയാളത്തിനായി അണിനിരന്ന് അടൂരും ഉമ്മൻചാണ്ടിയും: സമരവേദിയിൽ ഐക്യദാർഢ്യം

By Web TeamFirst Published Sep 11, 2019, 12:34 PM IST
Highlights

പെറ്റമ്മയെ അറിഞ്ഞുകൂടാത്ത പിഎസ്‌സിയെ നമുക്ക് വേണ്ടെന്ന് സുഗതകുമാരി പറഞ്ഞു.
 

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ മലയാളത്തിനായി സമരമുഖത്തിറങ്ങി സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. പരീക്ഷകൾ മലയാളത്തിലും കൂടി ആക്കണമെന്ന ആവശ്യം  അം​ഗീകരിക്കാത്ത പിഎസ്‌സിയെ പിരിച്ചുവിടണമെന്ന് അടൂർ ആവശ്യപ്പെട്ടു. അടൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉമ്മൻചാണ്ടിയും രം​ഗത്തെത്തിയിട്ടുണ്ട്. 

മലയാളം സുരക്ഷിതമല്ലെന്ന പിഎസ്‌സിയുടെ വാദം യുക്തിരഹിതമാണെന്നും ഇം​ഗ്ലീഷാണ് അരക്ഷിതമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മാതൃഭാഷയെ കുറിച്ചുള്ള മഹാത്മാ ​ഗാന്ധിയുടെ വാക്കുകൾ കേരളം മറന്നു. കുട്ടികൾ ആദ്യം പഠിക്കേണ്ടത് മാതൃഭാഷയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃഭാഷ ഔദ്യോ​ഗിക ഭാഷയായി അം​ഗീകരിക്കാമെങ്കിൽ കേരളത്തിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സമരത്തിൽ ഇടപെടണമെന്ന് സമരവേദിയിലെത്തിയ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. സാംസ്കാരിക നായകൻ തിരുവോണ ദിനത്തിൽ ഉപവസിക്കുന്നത് നിസ്സാര കാര്യമല്ലെന്നും ഔദ്യോഗിക ഭാഷാ നിയമം പാസാക്കാൻ സർക്കാർ  മുൻകൈ എടുക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. 

പരീക്ഷകൾ മലയാളത്തിലാക്കില്ലെന്ന പിടിവാശി പിഎസ്‌സി ഉപേക്ഷിക്കണം എന്ന് കവയത്രി സുഗതകുമാരി പറഞ്ഞു. പെറ്റമ്മയെ അറിഞ്ഞുകൂടാത്ത പിഎസ്‌സിയെ നമുക്ക് വേണ്ടെന്നും സുഗതകുമാരി കൂട്ടിച്ചേർത്തു.

14 ദിവസമായി ഐക്യമാലയാളം പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്‌സി പരീക്ഷകളിൽ മലയാളവും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം നടക്കുകയാണ്. പിഎസ്‌സി ആസ്ഥാനത്താണ് സമരം നടക്കുന്നത്. ഇന്ന് കേരളത്തിൽ 17 ഇടങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട്  പ്രമുഖർ സമരത്തിനിരിക്കുകയാണ്.

click me!