
മലപ്പുറം: 'വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും' എന്ന വിഷയത്തിൽ സർക്കാരിനെതിരെ സി പി എം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പങ്കെടുത്തത് ശ്രദ്ധേയമായി. വഖഫ് വിഷയത്തിൽ ബി ജെ പി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവമടക്കം ചൂണ്ടിക്കാട്ടിയ ഉമർ ഫൈസി, സർക്കാരിനെതിരെ വിമർശനം അഴിച്ചുവിട്ടു. ലീഗ് മന്ത്രിയുള്ള വകുപ്പിലാണ് ഈ സ്ഥിതിയെന്നടക്കം അദ്ദേഹം ചൂണ്ടിക്കാട്ടി. ഹംസയും ഉമർ ഫൈസിയും ചേർന്നുള്ള ബോർഡാണ് സർക്കാരിന്റെ പ്രശ്നമെന്നും അതിനാൽ തന്നെ ഇക്കാര്യത്തിൽ ആർ എസ് എസിനോട് കൂട്ടുകൂടാൻ യു ഡി എഫിന് ഒരു മടിയുമില്ലെന്നും ഉമർ ഫൈസി തുറന്നടിച്ചു. മതമൂല്യങ്ങൾ നഷ്ടപ്പെട്ടാലും രണ്ട് അമുസ്ലിങ്ങളെ ബോർഡിൽ ചേർക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തൂഫാൻ നടപ്പാക്കുമ്പോൾ മദ്യം സുലഭമാകുന്നുണ്ടെന്നും അതിൽ ആളുകൾ തൂഫാനാകുകയാണെന്നും സമസ്ത സെക്രട്ടറി പരിഹസിച്ചു. സർക്കാരിന്റെ പല നിലപാടുകളിലും ആശയക്കുഴപ്പങ്ങളും ആശങ്കകളുമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതവരെ എങ്ങോട്ടാണ് നയിക്കുക എന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെയും യു ഡി എഫിന്റെയും നിലപാടുകൾക്കെതിരെ സി പി എം സംഘടിപ്പിച്ച പരിപാടിയിലെ സമസ്ത സെക്രട്ടറിയുടെ സാന്നിധ്യം വഖഫ് വിഷയത്തിലടക്കമുള്ള സംഘടനയുടെ എതിർപ്പ് പ്രകടിപ്പിക്കലാണെന്നാണ് വിലയിരുത്തൽ.
നേരത്തെ സെമിനാർ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വന്ദേമാതരം ആലാപന വിഷയമടക്കം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടിരുന്നു. കേന്ദ്രത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരെ ശക്തമായി നിലകൊണ്ടിരുന്ന കേരളം ഇന്ന് പല നിലപാടുകൾക്കും മുന്നിൽ കീഴടങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ സർക്കാർ അധികാരമേറ്റത് തന്നെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചുകൊണ്ടാണെന്നും, അതിൽ തന്നെ സർക്കാരിന്റെ ആർ എസ് എസ് അജണ്ടകൾക്കുള്ള കീഴടങ്ങൽ വ്യക്തമായതായും അദ്ദേഹം ആരോപിച്ചു. വന്ദേമാതര വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും, ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പാർട്ടി ആസ്ഥാനത്തും പൂർണ്ണമായി പാടി അവർ ആർ എസ് എസ് നയങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് ഒരു മുസ്ലിം സ്ഥാപനത്തിൽ അമുസ്ലികൾ വേണമെന്ന തോന്നൽ വരുന്നത് വർഗീയ ചിന്തയാണ്. അതിനായി ഒരു കേന്ദ്ര ബിൽ വരുന്നു. ഇന്ന് മുസ്ലിം ആണെങ്കിൽ നാളെ മറ്റ് മതങ്ങളെ ലക്ഷ്യമിട്ടാകും ഇത്തരം നീക്കം. എന്തിനാണ് മതത്തിൻ്റെ സ്ഥാപനങ്ങളിൽ സർക്കാർ കൈകടത്തുന്നത്. ഇത്തരം കാര്യങ്ങളിൽ എടുക്കുന്നത് പച്ചയായ വർഗീയതയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ആർ എസ് എസ് അജണ്ടയുടെ നയം എങ്ങനെ സർക്കാരിന് ഏറ്റെടുക്കാൻ കഴിഞ്ഞു. വകുപ്പ് ലീഗ് മന്ത്രി ആരുടെ മുൻപിലാണ് കീഴ്‌പ്പെട്ടത്. ആർ എസ് എസ് അജണ്ടയോട് കീഴടങ്ങിയോ എന്ന് മന്ത്രി വ്യക്തമാക്കണം. എല്ലാറ്റിലും അറിവുള്ള മന്ത്രി എന്ത് കൊണ്ട് വഖഫ് ബില്ലിലെ അമുസ്ലിം നിയമനത്തെ എതിർത്തില്ലെന്നും പിണറായി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam