
തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ നിക്ഷേപം തിരിച്ച് കൊടുക്കാനാകാതെ സിപിഎം നിയന്ത്രിത സഹകരണ സ്ഥാപനമായ റബ്കോ കടുത്ത പ്രതിസന്ധിയിൽ. സംഘങ്ങളുടെ പരാതിയിൽ റബ്കോയുടെ ആസ്ഥാന മന്ദിരം അടക്കം ജപ്തി ചെയ്യാനാണ് കോടതി ഉത്തരവ്. എന്നാൽ വായ്പാ ബാധ്യതയുടെ പേരിൽ സര്‍ക്കാരിൽ ഈടുവച്ച സ്വത്താണെന്ന് ചൂണ്ടിക്കാട്ടി ജപ്തിയിൽ നിന്ന് റബ്കോയെ രക്ഷിക്കാനാണ് സഹകരണ വകുപ്പ് നീക്കം.
വായ്പാ തിരിച്ചടവുകൾ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയാതോടെ കോടികളുടെ നഷ്ടക്കണക്കിലായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റബ്കോ. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം കൊടുക്കുന്നതിന് പോലും തടസം നേരിട്ടു. ഇതിനിടയിലാണ് സഹകരണ സംഘങ്ങളുടെ നിക്ഷേപം തിരിച്ച് കൊടുക്കാൻ പോലും ഗതിയില്ലാത്ത പുതിയ പ്രതിസന്ധി. നിക്ഷേപം തിരിച്ച് കിട്ടുന്നില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് വാഴയൂര്‍, മഞ്ചേശ്വരം, തൃക്കളത്തൂര്‍ സഹകരണ സംഘങ്ങളാണ് കോടതിയെ സമീപിച്ചത്. കണ്ണൂരിലെ റബ്‌കോയുടെ ഉടമസ്ഥതയിലുള്ള 67.5 സെന്റ് സ്ഥലവും ഹെഡ് ഓഫീസ് കെട്ടിടവും ജപ്തി ചെയ്യാനാണ് കോടതി ഉത്തരവ്.
അതേസമയം റബ്കോയുടെ സ്വത്ത് ഈടു വച്ച് വായ്പകളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെന്ന് സഹകരണ വകുപ്പ് കോടതിയെ അറിയിക്കും. കേരള ബാങ്ക് രൂപീകരണ സമയത്താണ് ബാങ്കിൽ റബ്കോ പണയപ്പെടുത്തിയ വസ്തുക്കള്‍ ഈട് വാങ്ങിയാണ് സര്‍ക്കാര്‍ 238.35 യുടെ വായ്പ ഏറ്റെടുത്തത്. അതിനാൽ ഇതേ സ്വത്ത് നിക്ഷേപം തിരികെ നൽകാത്തതിന്‍റെ പേരിൽ ജപ്തി ചെയ്യാനാകില്ലെന്ന് കോടതിയെ അറിയിക്കാനാണ് സഹകരണ വകുപ്പ് നീക്കം. ഘട്ടം ഘട്ടമായി പണം തിരിച്ചു നൽകാമെന്നായിരുന്നു വ്യവസ്ഥയെങ്കിലും റബ്കോയ്ക്ക് സര്‍ക്കാരിന്‍റെ കടവും തീര്‍ക്കാനാകുന്നില്ല. അതിനിടയിലാണ് റബ്കോയെ രക്ഷിക്കാൻ സഹകരണ വകുപ്പ് ഇറങ്ങുന്നത്.