
തിരുവനന്തപുരം: അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കണമെന്ന് വി ഡി സതീശൻ. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യു ഡി എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കൊടുംചൂടിനിടെ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി ബില്ലിനെ പോലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കുന്നത്. ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല്‍ സൈബര്‍ പോരാളികള്‍ വരെ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്‍കട്ട് ഇല്ലാത്ത കേരളം. പത്ത് വര്‍ഷമെന്നത് പെരും നുണയാണെന്നും വി ഡി സതീശൻ പറഞ്ഞു. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയത്.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സജ്ജമാക്കിയ പവര്‍ കൊറിഡോറും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്ന ദീര്‍ഘകാല കരാറും ഉപയോഗപ്പെടുത്തിയാണ് പവര്‍ കട്ട് ഒഴിവാക്കിയെന്ന് പിണറായി സര്‍ക്കാര്‍ മേനി നടിച്ചത്. രണ്ടു വര്‍ഷം മുമ്പ് കരാര്‍ റദ്ദാക്കിയതിന് ശേഷം 4 രൂപ 29 പൈസക്ക് വാങ്ങിയിരുന്ന വൈദ്യുതി 6 മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിയത്. ഇതിലൂടെ ദിവസേന 15 മുതല്‍ 20 കോടി രൂപയുടെ നഷ്ടമാണ് ഈ സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു. സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യാത്ത നടപടിയാണ് ദീര്‍ഘകാല വൈദ്യുതി പര്‍ച്ചേസ് കരാര്‍ റദ്ദാക്കല്‍. അഴിമതി ലക്ഷ്യമിട്ടുള്ള ഈ തീരുമാനം റെഗുലേറ്ററി കമ്മിഷന്റേതായിരുന്നെങ്കിലും കെ എസ് ഇബിക്കും സര്‍ക്കാരിലെ ഉന്നതര്‍ക്കും പങ്കുണ്ട്. കരാര്‍ അട്ടിമറിച്ചതില്‍ സി പി എം നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. സര്‍ക്കാര്‍ പറയുന്നത് എന്തും ചെയ്യുന്നവരാണ് റെഗുലേറ്ററി കമ്മിഷ നിന്നും വി ഡി സതീശൻ ആരോപിച്ചു.
കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ ഏതൊക്കെ ഗൂഢാലോചനകളാണ് നടന്നതെന്ന് അവസാന കാലത്തെങ്കിലും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. അഴിമതി പണം ഏതൊക്കെ പെട്ടിയിലേക്കാണ് പോയതെന്നും കണ്ടെത്തണം. ദീര്‍ഘകാല കരാറുകള്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഇപ്പോത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും നിരക്ക് വര്‍ദ്ധനയും ഒഴിവാക്കാമായിരുന്നു. 2040 വരെ കേരളത്തിന് 4 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ റെഗുലേറ്ററി കമ്മിഷനും കെ എസ് ഇ ബിയും സര്‍ക്കാരും ചെയ്തത്. ഇതിലൂടെ ബോര്‍ഡിന് നഷ്ടമുണ്ടായപ്പോഴും 2000 കോടി രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടായത്. ഇതിന്റെ വിഹിതം ആര്‍ക്കൊക്കെ കിട്ടിയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഈ അഴിമതിയെ കുറിച്ച് അന്വേഷിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam