
ദില്ലി: യുക്രൈനിൽ നിന്ന് എത്തിയ ആര്യക്കൊപ്പമുള്ള നായയെ കൊണ്ടുപോകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. നാളത്തെ എയർ ഏഷ്യ വിമാനത്തിൽ കൊണ്ടു പോകാമെന്ന് നോർക്ക അറിയിച്ചുവെങ്കിലും, വിമാന കമ്പനി ആവശ്യം നിരസിച്ചു. പോളിസി ഒരാൾക്ക് വേണ്ടി മാറ്റില്ലെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ ആര്യ എയർ ഇന്ത്യ വിമാനത്തിനുള്ള ടിക്കറ്റ് സ്വയം ബുക്ക് ചെയ്തുവെങ്കിലും, നായയുടെ ടിക്കറ്റിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വളർത്തുനായയുമായി വന്ന ആര്യ നാളെ എയർ ഇന്ത്യ വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. ഇന്ന് കേരള ഹൗസിൽ താമസിക്കുന്ന ആര്യയും സേറയും നാളെ രണ്ട് മണിയുടെയാണ് വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കുമെന്നും അഞ്ച് മണിക്ക് കൊച്ചിയിൽ എത്തും എന്നും അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായില്ലെന്നാണ് പുതിയ വാർത്ത.
അതേസമയം കേരള ഹൌസിൽ എത്തിയ വളർത്തുനായ സേറക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. പുതിയ ഇടത്ത് ചെറിയ ഭയത്തോടെയാണെങ്കിലും ഭക്ഷണം ഒക്കെ കഴിച്ച് ഇഴകി ചേരുകയാണ് സേറ. ഇതിന്റെ വീഡിയോ മാധ്യമപ്രവർത്തകനായ രജനീഷ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഉക്രൈനിൽ നിന്നെത്തിയ സൈബീരിയൻ ഹസ്കി ദില്ലി കേരള ഹൌസിൽ എന്നാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. 'ഇന്ത്യയിലെത്തിയാൽ ഇന്ത്യൻ ബിസ്കറ്റ് മീൽസ് തൊട്ടിട്ടില്ല' എന്ന കുറിപ്പോടെ പാർലേ ജി ബിസ്കറ്റ് തിന്നുന്ന മറ്റൊരു വീഡിയോയും രജനീഷ് പങ്കുവച്ചിട്ടുണ്ട്.
വളർത്തുനായയെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന ആര്യയുടെ നിശ്ചയദാർഢ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. യുക്രൈൻ റഷ്യ (Russia Ukraine Crisis) സംഘർഷ ഭൂമിയിൽ നിന്നാണ് മെഡിക്കൽ വിദ്യാർത്ഥിയായ ആര്യയും (Medical Student Arya) വളർത്തുനായ സേറയും (Pet dog Sera) സുരക്ഷിതരായി നാട്ടിലെത്തിയത്. യുക്രൈൻ റഷ്യ സംഘർഷത്തിൽ നിരവധി ഇന്ത്യക്കാരാണ് യുക്രൈനിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. അവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സംഘർഷം ആരംഭിച്ചപ്പോൾ മുതൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ആര്യ തിരികെ നാട്ടിലെത്താൻ ശ്രമിച്ചിരുന്നു. വസ്ത്രങ്ങളടക്കം പ്രധാനപ്പെട്ട പലതും കയ്യിലെടുക്കാതെയാണ് ആര്യ അധികൃതർ ഏർപ്പെടുത്തിയ ബസ്സിൽ അതിർത്തിയിലെത്തിയത്. എന്നാൽ തന്റെ അരുമയായ വളർത്തുനായ സേറയെ ഉപേക്ഷിച്ചുപോരാൻ ആര്യ തയ്യാറായില്ല.
സൈബീരിയൻ ഹസ്കി ഇനത്തിൽ പെട്ട വളർത്തുനായ ആണ് സേറ. സേറക്ക് കൂടി യാത്രാനുമതി ലഭിക്കാതെ നാട്ടിലേക്ക് തിരികെയില്ലെന്നായിരുന്നു ആര്യയുടെ നിലപാട്. ഇക്കാര്യം നാട്ടിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ആര്യ അറിയിക്കുകയും ചെയ്തിരുന്നു. 'നാഷണല്‍ പിരോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി'യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആര്യ. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ആര്യക്ക് സേറയെ ലഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ അഗാധമായ ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. അതിർത്തിയിലെ ഒരു ഇന്ത്യൻ അഭയാർത്ഥി കേന്ദ്രത്തിലായിരുന്നു ആര്യയും സേറയും ഉണ്ടായിരുന്നത്. ഇവിടേക്കുള്ള യാത്രയിൽ സേറക്കുള്ള ഭക്ഷണവും ആര്യ കയ്യിൽ കരുതിയിരുന്നു.
''ആദ്യം ഞാനോർത്തു ഡേ കെയറിൽ ആക്കിയിട്ട് പോരാം എന്ന്. എനിക്ക് ക്ലാസ്സുള്ള സമയത്ത് പോലും പോയിട്ട് തിരിച്ചുവരുന്ന സമയത്ത് അവൾക്കുള്ള പാത്രത്തിലെ ഫുഡ് അങ്ങനെ തന്നെയിരിക്കും. ഏകദേശം 20 കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. അവൾ കുഞ്ഞായത് കൊണ്ട് പുറത്തിറങ്ങി അത്ര വലിയ പരിചയമില്ല. പുറത്തെ വണ്ടിയും ആൾക്കൂട്ടവുമൊക്കെ കണ്ടപ്പോൾ പേടിയായിരുന്നു. ഞാനവളെ എടുത്ത് നടന്നു.. അവളും എന്റെ കൂടെ കുറെ നടന്നു. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ അവളുടെ കാലിന് വയ്യാണ്ടായതായി എനിക്ക് തോന്നി. ബാഗിൽ ഭക്ഷണസാധനങ്ങളും ഡ്രസുമൊക്കെയായിരുന്നു. അതൊക്കെ ഞാൻ വഴിയിൽ വെച്ചു. അവളെ എടുക്കാൻ വേണ്ടിയിട്ട്. ഇട്ടേക്കുന്ന ഡ്രസ്സും അവളുടെ ഡോക്യുമെന്റ്സും ഉണ്ട്.'' ആര്യ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam