അസൂയാവഹമായ രാഷ്ട്രീയ വളർച്ച, അപ്രതീക്ഷിത വീഴ്ച; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പൊളിറ്റിക്കല്‍ കരിയർ

Published : Nov 28, 2025, 06:26 PM IST
Rahul Mamkootathil_Political Career

Synopsis

അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പൊളിറ്റിക്കൽ കരിയർ. സമൂഹമാധ്യമങ്ങളിലെ എഴുത്തും, ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യവുമാണ് കോൺഗ്രസ്‌ പാർട്ടിയിൽ രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്

തിരുവനന്തപുരം: അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പൊളിറ്റിക്കൽ കരിയർ. സമൂഹമാധ്യമങ്ങളിലെ എഴുത്തും, ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യവുമാണ് കോൺഗ്രസ്‌ പാർട്ടിയിൽ രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്. തുടർച്ചയായി ഉണ്ടായ ആരോപണങ്ങൾ ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുന്നതിൽ പോലും വെല്ലുവിളിയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, പാലക്കാട് എംഎൽഎ എന്നീ പദവികൾ കേവലം രണ്ടുവർഷം കൊണ്ട് രാഹുൽ മങ്കൂട്ടത്തിൽ നേടിയ സുപ്രധാന പദവികളാണ്. കൈപിടിച്ചു കയറ്റിയത് ഷാഫി പറമ്പിലും പിന്തുണച്ചത് വിഡി സതീശനുമാണ്. ഗ്രൂപ്പ് ഏതെന്ന് ചോദിച്ചാൽ ഉമ്മൻ‌ചാണ്ടി. കൂറ് എവിടെയെന്നു ചോദിച്ചാൽ കെസി വേണുഗോപാൽ വരെ നീളും. പത്തനംതിട്ട അടൂരിൽ നിന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ രാഹുൽ കയറിയ രാഷ്ട്രീയപടവുകളുടെ ബ്ലൂ പ്രിന്റാണിത്.

പിണറായി വിജയനെ "വിജയൻ" എന്ന് വിളിച്ച്, കോൺഗ്രസ് അണികളെ ഹരം കൊള്ളിച്ചും, ചാനൽ ചർച്ചയിലെ വാദങ്ങളോട് കാച്ചിക്കുറുക്കിയ മറുവാദങ്ങൾ ഉയർത്തിയും, നല്ല കവല പ്രസംഗങ്ങൾ കാഴ്ചവച്ചുമാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന രാഹുലിനെ കേരളം ആകെ അറിഞ്ഞത്. പരിഗണിക്കേണ്ട യുവജന നേതാക്കൾ വേറെ ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും, പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിലും ഷാഫി പറമ്പിൽ മുന്നോട്ടുവച്ച പേര് രാഹുലിന്‍റേതായിരുന്നു. വ്യാജ ഐഡി കാർഡ് നിർമ്മിച്ച് വോട്ട് ഉണ്ടാക്കിയെന്ന ആരോപണം സംഘടന തിരഞ്ഞെടുപ്പിൽ നാണക്കേട് ഉണ്ടാക്കിയിരുന്നു. നേതൃത്വം അപ്പോഴും രാഹുലിനൊപ്പം ആയിരുന്നു. സെക്രട്ടറിയേറ്റ് വളഞ്ഞു നടത്തിയ സമരത്തിന്റെ പേരിൽ വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത്, നേതാവിനെ താരമാക്കുകയാണ് ചെയ്തത്. പാർട്ടി തള്ളിയ പിവി അൻവറിനെ നിലമ്പൂർ തിരഞ്ഞെടുപ്പിനിടെ രഹസ്യമായി പോയി കണ്ട് ചർച്ച നടത്തിയിട്ടും, ഒരു നടപടിയും രാഹുലിനെതിരെ ഉണ്ടായില്ല. "ജൂനിയർ എംഎൽഎ" എന്ന വാത്സല്യവാക്കിൽ ശാസന ഒതുങ്ങുകയായിരുന്നു. അപക്വമായ പ്രതികരണങ്ങളുടെ പുറത്ത് "മൂക്കാതെ പഴുത്ത നേതാവെ"ന്ന പഴിയും ആ ദിവസങ്ങളിൽ തന്നെ രാഹുൽ കേൾക്കേണ്ടിയും വന്നു.

വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയെ ചൊല്ലിവരെ സംഘടനയ്ക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങളാണ് രാഹുലിന് കേൾക്കേണ്ടി വന്നത്. അപ്പോഴും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നടക്കാൻ ഖദർ മാറ്റി കളർ വസ്ത്രം ധരിച്ച് റീൽസ് രാഷ്ട്രീയത്തെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു രാഹുൽ. റിയൽ പൊളിറ്റിക്സ് പറഞ്ഞ്, പാർട്ടിയിലെ എതിരാളികൾ എതിർപ്പും തുടങ്ങി. സ്വഭാവദൂഷ്യങ്ങൾ സംബന്ധിച്ച് ഏറിയും കുറഞ്ഞുമുള്ള പരാതികൾ പാർട്ടി നേതാക്കൾക്കിടയിൽ പലപ്പോഴും എത്തിയിട്ടുണ്ട്. അന്നേ താക്കീത് നല്കാഞ്ഞതിന്റെ തിക്ത ഫലമാണ് ഇന്നുണ്ടായ വലിയ നാണക്കേടിലേക്ക് എത്തിച്ചതെന്നാണ് കോൺഗ്രസ്‌ പാർട്ടിയിലെ അടക്കം പറച്ചിൽ.

 

 

PREV
Read more Articles on
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം