കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും

Published : Dec 21, 2025, 02:52 PM IST
Munnar

Synopsis

കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന അസാധാരണമായ ശൈത്യത്തിന് കാരണം ലാനിന പ്രതിഭാസവും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമാണെന്ന് വിദഗ്ധർ പറയുന്നു. 

തിരുവനന്തപുരം: പതിവില്ലാതെ കേരളത്തിലടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദ​ഗ്ധർ. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്. ആഗോള പ്രതിഭാസമായ ലാ നിന (La Niña), സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹം, പ്രാദേശികമായ താപ വികിരണ പ്രതിഭാസങ്ങൾ തുടങ്ങിയ കാലാവാസ്ഥ മാറ്റമാണ് അതിശൈത്യത്തിന് കാരണമെന്ന് മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (IMD) ശാസ്ത്രജ്ഞനും ബെംഗളൂരു സർവകലാശാലയിലെ പ്രൊഫസറുമായ കാംസലി നാഗരാജ മാധ്യമങ്ങളോട് പറഞ്ഞു. പ്രൊഫസർ കാംസലി നാഗരാജ, ഐഎംഡി ശാസ്ത്രജ്ഞൻ ചനബസനഗൗഡ എസ്. പാട്ടീൽ എന്നിവരാണ് ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം വിശകലനം ചെയ്തത്.

ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശം ഇത്രയും കഠിനമായ തണുപ്പിലേക്ക് മാറാൻ കാരണം പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട 'ലാ നിന' പ്രതിഭാസമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇക്കുറി ഇന്ത്യയിൽ ലാനിന പ്രതിഭാസം കടുത്ത തണുപ്പിന് കാരണമാകുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാൾ താഴുന്ന അവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസം ആഗോള വായുസഞ്ചാര ഗതിയിൽ മാറ്റം വരുത്തുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഠിനമായ ശൈത്യത്തിന് വഴിയൊരുക്കുകയും ചെയ്തു.

ലാ നിന പ്രതിഭാസം സൈബീരിയൻ ഹൈ (Siberian High) എന്നറിയപ്പെടുന്ന കാറ്റ് രാജ്യത്തേക്ക് കടക്കാനും കാരണമായി. വടക്കൻ ഏഷ്യയിൽ കുമിഞ്ഞുകൂടിയ തണുത്തതും വരണ്ടതുമായ വായുപിണ്ഡമായ 'സൈബീരിയൻ ഹൈ' ഹിമാലയ പർവതനിരകൾ മറികടന്ന്, പ്രത്യേക മർദ്ദ വ്യതിയാനം കാരണം തടസ്സങ്ങൾ നീങ്ങി തെക്കോട്ട് പ്രവഹിച്ചു. സാധാരണ സൈബീരിയൻ ഹൈയെ ഹിമാലയൻ പർവത നിരകൾ തടഞ്ഞുനിർത്തുകയാണ് ചെയ്യുക. ഈ വായുപ്രവാഹം മൂലം പലയിടത്തും താപനില താഴാൻ കാരണമായി. കർണാടകയിൽ "നോക്ചേണൽ റേഡിയേറ്റീവ് കൂളിംഗ്" (Nocturnal Radiative Cooling) എന്ന പ്രതിഭാസവും ശൈത്യം വർധിക്കാൻ കാരണമായി.

അന്തരീക്ഷത്തിൽ ഈർപ്പം വളരെ കുറവായതും തണുപ്പ് വർധിക്കാൻ കാരണമായി. തെളിഞ്ഞ ആകാശമായതിനാൽ പകൽ സൂര്യനിൽ നിന്ന് ലഭിച്ച താപം രാത്രിയിൽ വേഗത്തിൽ ബഹിരാകാശത്തേക്ക് നഷ്ടപ്പെട്ടു. ഈ പ്രതിഭാസത്തെ 'തുറന്ന ജനൽ' (Open window) പ്രഭാവത്തോടാണ് ശാസ്ത്രജ്ഞർ ഉപമിക്കുന്നത്. ഇതുമൂലം പകൽ സമയത്തെ താപനിലയേക്കാൾ രാത്രിയിൽ 15 ഡിഗ്രിയോളം രാത്രിയിൽ താഴുകയും അതിശൈത്യ രാത്രികൾക്ക് കാരണമാകുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കിയ സംഭവം; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി