
ശബരിമല: അന്നദാനത്തിന്‍റെ ഭാഗമായി ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്. അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും. മോര്, രസം അല്ലെങ്കില്‍ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസം കൊടുക്കും. ഇനിയുള്ള ദിവസങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളീയ സദ്യ വിളമ്പും. ഉച്ചയ്ക്ക് 12 ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമര്‍പ്പിച്ചു. തുടര്‍ന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തര്‍ക്ക് സദ്യ വിളമ്പി. സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് സദ്യക്ക് ഉപയോഗിക്കുന്നത്. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ താമസം മൂലമാണ് സദ്യ വൈകിയതെന്നും അന്നദാനപ്രഭുവായ അയ്യപ്പന്റെ അനുഗഹത്താല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും സദ്യ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമായി മലയാള സദ്യയുടെ രുചി കേരളത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്തര്‍ക്ക് സദ്യ നല്‍കാനുള്ള തീരുമാനമെടുത്തത്. ഭക്തജനങ്ങള്‍ ഇത് ഉള്‍ക്കൊള്ളും എന്നാണ് വിശ്വാസം. ഓരോ ദിവസവും ഉച്ചയ്ക്ക് അയ്യായിരം പേരാണ് അന്നദാനത്തില്‍ പങ്കെടുക്കുന്നത്. അയ്യായിരത്തിലധികം പേര്‍ക്കാണ് സദ്യയും ഒരുക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ സദ്യയും പുലാവും മാറി മാറി ഭക്തര്‍ക്ക് വിളമ്പും.
ഈ വര്‍ഷത്തെ മണ്ഡലപൂജയുടെ മുഹൂര്‍ത്തം 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലായിരിക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30 ന് പൂര്‍ത്തിയാകും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
ഡിസംബര്‍ 26ന് വൈകിട്ട് ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജയും നടക്കും. തുടര്‍ന്ന് 27 ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് 5 ന് നട വീണ്ടും തുറക്കുമെന്നും തന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam