
ദില്ലി: ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതിന്‍റെ ക്രെഡിറ്റ് കൂടി മോദി സർക്കാർ എടുത്തില്ല എന്നതിൽ ആശ്വസിക്കാം വി ശിവദാസൻ എംപി. 142 കോടി ജനങ്ങളുമായി ചൈനയെ മറികടന്നു ലോകത്ത് ഇന്ത്യ ഒന്നാമതെത്തിയെന്നും ഈ ചരിത്രനേട്ടം മാനനീയ പ്രധാനമന്ത്രിയുടെ ഭരണം കൊണ്ടാണെന്നും പറയാഞ്ഞത് വലിയ ഭാഗ്യമാണ് എന്നാണ് ബജറ്റ് അവതരണം കേട്ടപ്പോൾ തോന്നിയത്. ബജറ്റ് പ്രസംഗം മുഴുവൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച മറച്ചുവെക്കാനുള്ള വാചകക്കസർത്താണ്.
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി എന്ന് വീമ്പിളക്കുമ്പോൾ, പ്രതിശീർഷ വരുമാനത്തിൽ നാം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കാൻ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേവലം സമ്പദ് വ്യവസ്ഥയുടെ വലിപ്പം ആണ് മാനദണ്ഡം എങ്കിൽ പാകിസ്ഥാനും ബംഗ്ലാദേശും ഫിൻലൻഡിനേക്കാളും ന്യൂസീലാൻഡിനെക്കാളും ഒക്കെ മെച്ചം ആണ് എന്ന് പറയേണ്ടി വരും. എന്നാൽ മനുഷ്യവികസന സൂചിക നോക്കുമ്പോൾ, ഫിൻലാൻഡ് 11 മത് ആണ്. പാകിസ്ഥാൻ 161 മതും. എന്നാൽ ബിജെപി സർക്കാരിന്‍റെ കണക്കിൽ പാക്കിസ്ഥാൻ ഫിൻലൻഡിനേക്കാൾ മികച്ചതാണ് എന്ന് പറയേണ്ടി വരും.
ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2004 ൽ 624 ഡോളർ ആയിരുന്നു . ഇത് 2014 ൽ 1438 ഡോളർ ആയി വളർന്നു. അതായത് ഏകദേശം 2.3 മടങ്ങായി വളർന്നു. എന്നാൽ 2022 ൽപ്രതിശീർഷ വരുമാനം 2389 ഡോളർ ആണ്. അതായത് ബിജെപി ഭരണത്തിൽ 1.66 മടങ്ങു മാത്രമാണ് വളർന്നത്. എന്നാൽ ഇതേ കാലയളവിൽ നമ്മുടെ തൊട്ടപ്പുറത്ത് കിടക്കുന്ന ദരിദ്ര രാജ്യം വിശേഷിക്കപ്പെട്ടിരുന്ന ബംഗ്ലാദേശിന്, 2014 ൽ പ്രതിശീർഷവരുമാനം 974 ഡോളർ മാത്രമായിരുന്നു . എന്നാൽ 2022 ൽ അത് 2688 ഡോളർ ആയി. അതായത് 2.75 മടങ്ങു വർധനയാണുള്ളത്. എന്തുകൊണ്ടാണ് ഇന്ത്യ പിന്നോക്കം പോയത് എന്ന് ചോദിക്കേണ്ടതിന് പകരം പരാജയം മറച്ചുവെച്ച് ആഘോഷിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും വി ശിവദാസൻ കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം