ഗൃഹസമ്പര്‍ക്കത്തിനിടെ എം എ ബേബി ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്ന വീഡിയോ വൈറലായി. ഇത് നല്ല ശീലമാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള നാടകമാണിതെന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിക്കുന്നു. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പര്‍ക്കം നടത്തുകയാണ് സിപിഎം നേതാക്കൾ. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഗൃഹ സന്ദര്‍ശനം നടത്തിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഭക്ഷണം കഴിച്ച പാത്രം വീട്ടിലെ അടുക്കളയില്‍ പോയി എം എ ബേബി കഴുകി വെയ്ക്കുന്ന വീഡിയോ ആണ് വൈറലായത്.

"കൊടുങ്ങല്ലൂരിലെ പാർട്ടിക്കാകെ ആവേശം പകരുന്നതായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയുടെ കൊടുങ്ങല്ലൂരിലെ സന്ദർശനം.നിരവധി വീടുകളും സ്ഥാപനങ്ങളും സഖാവ് സന്ദർശനം നടത്തി. ഓരോ കൂടിക്കാഴ്ചയും മാനവ സ്നേഹത്താൽ സമ്പന്നമായി. രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവരെ കേൾക്കാനും അവരോട് സംവദിക്കാനുമാണ് സഖാവ് കൂടുതൽ സമയം ചെലവഴിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സഖാവ് നൗഷാദ് കറുകപ്പാടത്തിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. സഖാവ് ഭക്ഷണം കഴിക്കുന്ന പാത്രം സ്വയം കഴുകുന്നതാണ് അദ്ദേഹത്തിൻ്റെ രീതി. പതിവ് പോലെ അന്നും ഭക്ഷണം കഴിച്ച പാത്രം സഖാവ് തന്നെ കഴുകി വെക്കുകയാണ് ഉണ്ടായത്. ഒരു ദിവസം മുഴുവൻ നിരവധി മാതൃകകളാണ് സഖാവ് സമ്മാനിച്ചത്."- എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പ്.

കഴിച്ച പാത്രം സ്വയം കഴുകുന്നത് നല്ല ശീലമാണെന്ന് ഒരു ഭാഗത്ത് അഭിപ്രായം ഉയർന്നപ്പോൾ മറുഭാഗത്ത് പരിഹാസവും ഉയർന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ അടുക്കള പണി മുതല്‍ എന്തും ചെയ്യാന്‍ സന്നദ്ധമായി നേതാക്കൾ രംഗത്തുവരികയാണെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്. ട്രോളായും പരിഹാസമായും നിരവധി പോസ്റ്റുകൾ കാണാം. 'വീട്ടുകാരോട് നയത്തില്‍ പെരുമാറണമെന്ന് തുടങ്ങി വീട്ടുകാര്‍ക്ക് ചില്ലറ സഹായങ്ങളും ചെയ്ത് നല്‍കണമെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാരുടെ നിര്‍ദേശം. വെള്ളം കോരുക, തുണി അലക്കുക, പശുവിനെ കുളിപ്പിക്കുക തുടങ്ങി പാത്രം കഴുകുന്നത് വരെ അതില്‍ ഉള്‍പ്പെടും' എന്നെല്ലാമാണ് പരിഹാസം.

അതേസമയം ചെറുപ്പം മുതലെ കഴിച്ച പാത്രം കഴുകിവയ്ക്കുക എന്നത് തന്റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ച് വരുന്നുവെന്നും എം എ ബേബി പ്രതികരിച്ചു. എം എ ബേബിയും എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജനും പ്രതികരിച്ചു.