
ശിവഗിരി: റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ലോട്ടിൽ നിന്നും ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ഒഴിവാക്കി പകരം ശ്രീശങ്കരാചാര്യരുടെ പ്രതിമ വെച്ചാൽ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാടിൽ ശിവഗിരി മഠം പ്രതിക്ഷേധം രേഖപ്പെടുത്തി.
ടൂറിസത്തെ കൂടി ഉൾപ്പെടുത്തി ജഡായു പാറയും സമീപത്തുള്ള വർക്കലയെയും ചെമ്പഴന്തിയെയും പരിഗണിച്ച് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഫ്ലോട്ടിന്റെ കവാടത്തിൽ വെയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമാണ് പരേഡിലേക്ക് ഫ്ലോട്ടുകൾ തെരഞ്ഞെടുക്കുന്ന ജൂറി തള്ളിക്കളഞ്ഞത്. ശങ്കരാചാര്യരോട് അദ്വൈതത്തിന്റെ ആചാര്യനെന്ന നിലയിൽ ശിവഗിരി മഠത്തിന് ആദരവുണ്ട്.
എന്നാൽ ശ്രീനാരായണ ഗുരുദേവൻ കോൺഗ്രസ്സ്, ബിജെപി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേരളീയ ജനതക്ക് ആകമാനവും സ്വീകാര്യനും ആദരണീയനുമാണെന്ന യാഥാർത്ഥ്യം ജുറിമാർ പരിഗണിക്കാതെയിരുന്നതിൽ ശിവഗിരി മഠം ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ശങ്കരാചാര്യർ മഹാനാണെങ്കിലും കേരളത്തിലെ ഒരു വിഭാഗം ജനതക്ക് മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. ഗുരുദേവനാകട്ടെ ജാതി മത ഭേദമില്ലാതെ ലോകമെമ്പാടുമുള്ള ജനതയ്ക്ക് ആദരണീയനാണ്.
ഈ വസ്തുത നിലനിൽക്കേ ഗുരുദേവപ്രതിമ റിപ്പബ്ലിക്ദിന പരേഡിലേക്ക് സമർപ്പിച്ച ഫ്ലോട്ടിൽ നിന്നും തള്ളിക്കളഞ്ഞതിൽ ശിവഗിരി മഠവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ശക്തമായി പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായും അതു ബന്ധപ്പെട്ടവരെ അറിയിക്കുന്നതായും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
പ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കേണ്ട നിശ്ചലദൃശ്യങ്ങളുടെ പട്ടികയിൽ കേരളം ഇല്ലെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. കേരളം നൽകിയ മാതൃകയിൽ മുന്നിൽ സ്ത്രീസുരക്ഷ പ്രമേയമാക്കിയുള്ള കവാടം ഉൾപ്പെടുത്തിയത് കേന്ദ്രസമിതി എതിർത്തു. ആദി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിനു പകരം ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയുള്ള സ്കെച്ച് കേരളം നൽകിയെങ്കിലും കേരളം അംഗീകാരം നിഷേധിച്ചു.
റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജടായുപ്പാറയുടെ സ്കെച്ചാണ് കേരളം നൽകിയത്. ടൂറിസമാണ് പ്രധാന വിഷയമായി നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്‍റെ മാതൃകയാണ് തർക്കത്തിന് ഇടയാക്കിയത്.
പകരം ആദ്യ ഭാഗത്ത് ആദി ശങ്കരാചാര്യരുടെ പ്രതിമ ആയിക്കൂടേ എന്നും ചോദിച്ചു. ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താം എന്ന് കേരളം പ്രതികരിച്ചു. ആദ്യ സ്കെച്ച് മാറ്റി ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ചേർത്ത് മറ്റൊരു മാതൃക കേരളം നൽകി. മുന്നിലെ ട്രാക്ടറിൽ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയിൽ ജടായുപ്പാറ. ഇതായിരുന്നു ഒടുവിൽ നൽകിയ മാതൃക. ഇതംഗീകരിക്കാം എന്ന സൂചന സമിതി നൽകിയിരുന്നു.
എന്നാൽ അവസാന പന്ത്രണ്ട് സംസ്ഥാനങ്ങളുടെ പട്ടിക വന്നപ്പോൾ കേരളം ഇല്ല. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്‍ഗഢ് എന്നിവയാണ് പട്ടികയിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. കഴിഞ്ഞ വർഷം കയർ വിഷയമാക്കിയുള്ള കേരളത്തിന്‍റെ നിശ്ചലദൃശ്യം പരേഡിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam