
കോട്ടയം : സിപിഎം (CPM)കോട്ടയം ജില്ലാ സമ്മേളനത്തിൽ പാലാ, കടുത്തുരുത്തി നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിലെ അന്വേഷണ റിപ്പോർട്ടുകൾക്കെതിരെ വിമർശനം. തോൽവികളെ കുറിച്ചുള്ള റിപ്പോർട്ട് അപൂർണ്ണമാണെന്നും തോൽവിക്ക് ഉത്തരവാദികൾ ആരെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ലെന്നും പ്രതിനിധികൾ സമ്മേളനത്തിൽ വിമർശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം വ്യക്തത നൽകണമെന്നാണ് യോഗത്തിലുയർന്ന ആവശ്യം. കോട്ടയം മണ്ഡലത്തിൽ ജയിക്കാമായിരുന്നുവെന്നും അവിടെ സംഘടനാപരമായ വീഴ്ച ഉണ്ടായെന്നുമാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പരാജയത്തിലെ കുറ്റക്കാർ ആരായാലും അവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും സമ്മേളനത്തിലുണ്ടായി.
അതേ സമയം കേരള കോൺഗ്രസ് മാണി വിഭാഗത്തെ കൂടെക്കൂട്ടിയത് പാർട്ടിക്ക് ഗുണകരമായെന്നാണ് ജില്ലാ സമ്മേളനത്തിലെ വിലയിരുത്തൽ. കേരളാ കോൺഗ്രസിനെ മുന്നണിയിലെത്തിക്കാൻ സാധിച്ചത് ജില്ലയിലാകെ പാർട്ടിക്ക് വൻ നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ വിവാദമായ മെഗാ തിരുവാതിരക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. തിരുവാതിര നടത്തിയ സമയം ശരിയായില്ലെന്ന നിലപാടിലാണ് പ്രതിനിധികൾ.
കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉൾപ്പെടെ 200 പേർ മാത്രമാണ് പങ്കെടുക്കുന്നത്. മെഗാ തിരുവാതിര വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാൻ ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടു തന്നെ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായുള്ള ചടങ്ങുകളിലെല്ലാം ആളുകളെ പരമാവധി കുറച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam