മാവോയിസ്റ്റുകളെ തേടി കാട് കയറണ്ട,അവർ കമ്മ്യൂണിസ്റ്റ് കൂടാരത്തിൽ തന്നെയുണ്ട്: പരിഹാസവുമായി വി മുരളീധരൻ

By Web TeamFirst Published Nov 3, 2019, 1:07 PM IST
Highlights

സിപിഎമ്മിന് രാജ്യവിരുദ്ധരുടെ കയ്യാളുകൾ സ്വന്തം പാർട്ടിയിലെന്ന് പുറത്ത് വന്നതിന്‍റെ ജാള്യത. കേസിൽ സിപിഎം ഇരട്ട നിലപാടെടുക്കുന്നുവെന്നും വിമർശനം. പരിഹാസം യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ കേസിൽ.

ദില്ലി: പന്തീരാങ്കാവ് കേസിൽ സിപിഎം ഇരട്ട നിലപാടെടുക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യവിരുദ്ധരുടെ കയ്യാളുകൾ സ്വന്തം പാർട്ടിയിലെന്ന് പുറത്ത് വന്നതിന്‍റെ ജാള്യത സിപിഎം എങ്ങനെ മറയ്ക്കുമെന്നും വി മുരളീധരൻ ട്വിറ്ററിൽ വിമർശിച്ചു. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ സർക്കാർ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും പരിഹാസം ഉയർത്തുന്നത്.

സിപിഎമ്മുകാർ പ്രതികളായ പന്തീരാങ്കാവിലെ യുഎപിഎ കേസിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കാനാണോ പിണറായി സർക്കാർ ശ്രമിക്കുന്നത്. രാജ്യവിരുദ്ധരുടെ കയ്യാളുകൾ സ്വന്തം പാർട്ടിയിലെന്ന് പുറത്തു വന്നതിന്റെ ജാള്യത എങ്ങനെ മറയ്ക്കും? മാവോയിസ്റ്റുകളെ തേടി കാട് കയറണ്ട. അവർ കമ്മ്യൂണിസ്റ്റ് കൂടാരത്തിൽ തന്നെയുണ്ട്. എന്നായിരുന്നു ട്വിറ്ററിൽ വി മുരളീധരന്റെ വിമർശനം.

അതേ സമയം കേസിൽ യുഎപിഎ ചുമത്തിയ നടപടി പരിശോധിക്കാനാണ് സർക്കാർ നീക്കം. കടുത്ത വിമർശനങ്ങൾക്കൊടുവിൽ ആണ് കോഴിക്കോട് സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് പുനപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. യുഎപിഎ ചുമത്തിയതിൽ തുറന്നടിച്ച് എം എ ബേബിയും കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. സർക്കാർ വെട്ടിലായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തൽ നടപടികളിലേക്ക് നീങ്ങിയത്.

യുഎപിഎ ചുമത്തിയതിനെതിരെ സിപിഎമ്മും രൂക്ഷ വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിക്കുന്നത്. നടപടി ജനാധിപത്യവിരുദ്ധമെന്ന് കാട്ടി സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഇന്ന് പ്രമേയം പാസാക്കി. യുഎപിഎ ചുമത്തിയത് ധൃതി പിടിച്ചെന്നും പ്രമേയം വിമർശിച്ചു. അറസ്റ്റിലായ അലന് നിയമസഹായം നൽകുമെന്ന് പന്നിയങ്കര ലോക്കൽ കമ്മിറ്റിയും അറിയിച്ചിരുന്നു.

click me!