'പേടിയാണ്': യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി കോളേജ് വിടുന്നു

By Web TeamFirst Published May 14, 2019, 8:25 AM IST
Highlights

കേസ് കൊടുക്കാത്തത് പേടിച്ചിട്ടാണ്. അവളുടെ ഭാവി മുന്നിൽ കണ്ടാണ് കേസുമായി ഇനി മുന്നോട്ടില്ലെന്ന് തീരുമാനമെടുത്തത്. ഇനി വരുന്ന തലമുറയ്ക്കെങ്കിലും അത്തരം ഒരവസ്ഥ ഉണ്ടാവരുത്" പെൺകുട്ടിയുടെ ബന്ധു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി. പേടി കൊണ്ടാണ് കോളേജ് മാറുന്നതും പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും വിദ്യാർത്ഥിനിയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാ‍ർത്ഥിനിയുടെ ആത്മഹത്യാശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസ്സിലെ എസ്എഫ്ഐ യൂണിയൻ നേതാക്കളുടെ സമ്മർദ്ദമാണ് എല്ലാറ്റിനും കാരണമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. പക്ഷെ, പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി അറിയിച്ചു. എന്നാൽ പെൺകുട്ടി ഇനി യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ബന്ധുക്കൾക്കൊപ്പമെത്തി പ്രിൻസിപ്പലിനും കേരള വൈസ് ചാൻസലർക്കും ടിസിക്ക് അപേക്ഷ നൽകി.

"പഠിച്ച് ശാസ്ത്രജ്ഞയാവണമെന്ന് ആഗ്രഹിച്ച കുഞ്ഞാണവൾ. കേസ് കൊടുക്കാത്തത് പേടിച്ചിട്ടാണ്. അവളുടെ ഭാവി മുന്നിൽ കണ്ടാണ് കേസുമായി ഇനി മുന്നോട്ടില്ലെന്ന് തീരുമാനമെടുത്തത്. ഇനി വരുന്ന തലമുറയ്ക്കെങ്കിലും അത്തരം ഒരവസ്ഥ ഉണ്ടാവരുത്" പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.

ആത്മഹത്യാകുറിപ്പിൽ എസ്എഫ്ഐ നേതാക്കളുടെ പേര് പെൺകുട്ടി കൃത്യമായി എഴുതിയിരുന്നു. പക്ഷെ ബന്ധു പറഞ്ഞപോലെ പേടി മൂലം പിന്നോട്ട് പോയതോടെ പൊലീസ് അന്വേഷണം നിലച്ചമട്ടായി. വിദ്യാഭ്യാസവകുപ്പ് തല അന്വേഷണം തുടരുന്നുണ്ട്. 

click me!