
തിരുവനന്തപുരം: സർക്കാരിന്റെ പരിസ്ഥിതി സംസ്ഥാന തല പരിപാടി രാജ്ഭവനിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് മന്ത്രി പി പ്രസാദ്. പ്രോഗ്രാം രാജ്ഭവൻ നിശ്ചയിച്ച് നൽകിയിരുന്നതാണ്. സർക്കാർ പരിപാടിക്ക് ഉൾപ്പെടുത്താൻ കഴിയാത്ത മാറ്റം ഇന്നലെ വൈകീട്ട് ഉണ്ടായി. ചിത്രം സാധാരണ ഉപയോഗിക്കാറുള്ള ഭാരതാംബയുടെ ചിത്രമല്ല. ഗവർണറുടെ ഓഫീസ് അയച്ച് തന്നത് ആർഎസ്എസ് ഉപയോഗിക്കുന്നതാണ്. സർക്കാർ പരിപാടിയിൽ ആർഎസ്എസ് ചിത്രം വക്കുന്നത് ഭരണഘടനാനുസൃതമല്ലെന്നും മന്ത്രി പി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ പരിപാടിയിൽ ഇന്ന് വരെ ഉണ്ടാകാത്ത ശാഠ്യം ശരിയല്ല. ഇന്നലെ വരെ ഉപയോഗിച്ച ചിത്രം മാറ്റാൻ കഴിയില്ലെന്നാണ് ഗവർണറുടെ നിലപാട്. അത് അംഗീകരിക്കാൻ കഴിയില്ല. ഈ ഗവർണർ വന്ന ശേഷം പൊടുന്നനെ ആണ് പടം സെൻട്രൽ ഹാളിൽ ഉണ്ടായത്. എല്ലാവരേയും ഒരുപോലെ കാണണം. രാജ്ഭവൻ്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു. ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്നാണ് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചത്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു രാജ് ഭവൻ.
ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നുകൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. രാജ്ഭവൻ ആയിരുന്നു പരിപാടിയുടെ വേദി. മെയിൻ ഹാളിൽ വേദിയിൽ ഭാരത് മാതാവിന്റെ ചിത്രം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു. പരിപാടി ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു.
രാജ് ഭവനിൽ നിന്ന് ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് വിവരം. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടർന്നാണ് ദർബാർ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയിൽ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. ദർബാർ ഹാളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8