എസ്ഐടി ഓഫീസിലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായവരുമായി ബന്ധമുണ്ടോ എന്നാണ് എസ്ഐടി പരിശോധിക്കുന്നത്. 

തിരുവനന്തപുരം: ശബരിമല സ്വർണകൊളളക്കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പവും സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ രണ്ടര മണിക്കൂറാണ് പ്രകാശിനെ ചോദ്യം ചെയ്തത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നൽകിയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം, പോറ്റിയെയും എസ്ഐടി ചോദ്യം ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശിനെ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തത്. പോറ്റിക്കൊപ്പമുള്ള ഫോട്ടോകള്‍ പുറത്തുവന്നപ്പോള്‍ തന്നെ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ചോദ്യം ചെയ്തത്. പോറ്റിയും കേസിലെ മറ്റൊരു പ്രതി ഗോ വര്‍ധനനും ദില്ലിയിലെത്തി സോണിയ ഗാന്ധിയെ ദില്ലിയിലെത്തി കണ്ടപ്പോഴുള്ള ഫോട്ടോയിലും അടൂര്‍ പ്രകാശും ആന്‍റോ ആന്‍റണിയുമുണ്ട്.

കർണാടകയിലുള്ള ബന്ധത്തിലൂടെയാണ് സോണിയയെ കണ്ടെതെന്ന് ഇന്നലെ പോറ്റി മൊഴി നൽകിയിരുന്നു. ഇതേ കുറിച്ച് വിശദമായി എസ്ഐടി അടൂർ പ്രകാശിനോട് ചോദിച്ചു. പോറ്റിയുമായുള്ള ബെം​ഗളൂരു കൂടിക്കാഴ്ച്ച, അന്നദാന ചടങ്ങിലും പോറ്റിയുടെ വീട്ടിലെ ചടങ്ങുകള്‍ എന്നിവയക്കെുറിച്ച് ചോദ്യങ്ങളുണ്ടായി. സംഭവാനകള്‍ വാങ്ങിയിട്ടുണ്ടോയെന്നും ആരാഞ്ഞു. എന്നാൽ എസ്ഐടി നീക്കത്തിൽ നിന്ന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ എന്ന ആരോപണം ഉന്നയിക്കുകയാണ് അടൂര്‍ പ്രകാശ്.

അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. മുന്‍ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച കോടതിയിൽ സമര്‍പ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുണ്ടാകും. വി.എസ്.എസ്.സിയുടെ അന്തിമ ശാസ്ത്രീയ പരിശോധന ഫലമെത്തിയാൽ അന്തിമകുറ്റപത്രം തയ്യാറാക്കും.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസിൽ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചയാകും. പൂർണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താനാണ് തീരുമാനം. എന്നാൽ പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്. 

YouTube video player