പൂജ്യം താരിഫ് മാത്രം, വെളിച്ചെണ്ണ മുതൽ റബറും തേയിലയും തേങ്ങയുമടക്കം 14 ഉത്പന്നങ്ങൾക്ക്! ഇന്ത്യ-യുഎസ് വ്യാപാര കരാർ കേരളത്തിന് നേട്ടമെന്നും ജോർജ് കുര്യൻ

Published : Feb 08, 2026, 05:01 PM IST
george kurian

Synopsis

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വാണിജ്യ കരാർ കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വെളിച്ചെണ്ണ, റബർ, തേയില, നാളീകേരം അടക്കം 14 കാർഷിക ഉത്പന്നങ്ങൾക്ക് അമേരിക്ക താരിഫ് പൂജ്യമാക്കിയത് കർഷകർക്ക് വലിയ നേട്ടമാകും

ദില്ലി: ഇന്ത്യ - അമേരിക്ക വാണിജ്യ കരാർ കേരളത്തിന് വളരെയധികം പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. റബർ, നാളീകേരം, കൊപ്ര, വെളിച്ചെണ്ണ, തേയില, സുഗന്ധദ്രവ്യങ്ങൾ, കാപ്പി, കപ്പ, അടയ്ക്ക, കശുവണ്ടി, കൈതച്ചക്ക, പപ്പായ, കൊക്കോ, ബേക്കറി സാധങ്ങൾ മുതലായവയുടെ താരിഫ് അമേരിക്ക പൂജ്യമാക്കിയത് കേരളത്തിലെ കർഷകർക്ക് നേട്ടമാകുമെന്നാണ് മന്ത്രിയുടെ അവകാശവാദം. മത്സ്യ ഉത്പ്പന്നങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ, ഗ്ലൗസ് മുതലായവയുടെ തീരുവാ 18% ആയി കുറക്കുകയും ചെയ്തിട്ടുണ്ട്. ഇത് മത്സ്യ പ്രവർത്തകർക്കും, കൈത്തറി രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗുണം ചെയ്യുമെന്നും ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. കാലിത്തീറ്റ ഉൽപാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ക്ഷീര കർഷകർക്ക് പ്രയോജനപ്രദമാണ്. രോഗനിർണ്ണയത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും, സർജിക്കൽ റോബോട്ടുകളും കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ആരോഗ്യരംഗത്ത് പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

നാണംകെട്ട കീഴടങ്ങലെന്ന് സിപിഎം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ. കരാർ ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് പി ബി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. കാർഷിക മേഖലയ്ക്കും, സാമ്പത്തിക വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള പരുത്തി, നട്സ്, സോയബീൻ ഓയിൽ തുടങ്ങിയ ഭക്ഷ്യ - കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കിയത് ഇന്ത്യൻ കർഷകരെ വലിയ പ്രതിസന്ധിയിലാക്കും. ഇത് അമേരിക്കൻ താൽപര്യങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ നടത്തിയ നാണംകെട്ട കീഴടങ്ങലാണെന്നും സി പി എം വിമർശിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നൽകിയ ഇളവുകൾ ഇതിനോടകം തന്നെ ദുരിതത്തിലായ ഇന്ത്യൻ ആപ്പിൾ കർഷകരുടെ നില കൂടുതൽ പരുങ്ങലിലാക്കും. ആഭ്യന്തര വിപണിയിൽ വിദേശ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് പാവപ്പെട്ട കർഷകരുടെ ഉപജീവനമാർഗ്ഗം തകർക്കാനേ ഉപകരിക്കൂ. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണങ്ങളില്ലാത്തത് രാജ്യത്തെ സ്വയംപര്യാപ്തതയെ ബാധിക്കുമെന്നും സാമ്പത്തിക പരമാധികാരം പണയപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സി പി എം ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യ - യുഎസ് വ്യാപാര കരാറിനെതിരെ രാജ്യത്തെ കർഷക സംഘടനകളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. സായുങ്ക് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) എന്നിവയുൾപ്പെടെ നിരവധി കർഷക സംഘടനകളാണ് പ്രതിഷേധം വ്യക്തമാക്കിയത്. അടുത്തയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനിമൊഴിക്കും അമര്‍ത്യാ സെന്നിനും റൊമിലാ ഥാപ്പര്‍ക്കും ചെന്നിത്തലയുടെ കത്ത്, 'കേരളാ സർക്കാരിന്റെ സെമിനാറിൽ പങ്കെടുക്കരുത്'
ജെബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്ന് മാർത്തോമ സഭാധ്യക്ഷൻ, 'വർഗീയ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം'; മാരാമൺ കൺവെൻഷന് തുടക്കം