
വാഷിംഗ്ടൺ: സംഘഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക. 'ഉടൻ തന്നെ പുറപ്പെടുക' എന്ന സന്ദേശമാണ് അമേരിക്ക നൽകിയിരിക്കുന്നത്. ഉയർന്ന അപകട സാധ്യത മുൻനിർത്തിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പശ്ചിമേഷ്യ വിടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഉടനടി പുറപ്പെടാനാണ് നിർദേശം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഏറ്റവും പ്രധാനപ്പെട്ട മുൻഗണന അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പൗരന്മാർക്ക് സുരക്ഷാ വിവരങ്ങൾ നൽകുന്നതിനായുള്ള ക്രമീകരണങ്ങൾ വർധിപ്പിച്ചതായും, സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യാനും വകുപ്പിന്റെ വാട്സാപ് പേജിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സുരക്ഷാ അപ്ഡേറ്റുകൾ പിന്തുടരാനും അദ്ദേഹം ഉപദേശിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കയും ഇസ്രായേലും തയാറെടുക്കുകയാമെന്നാണ് റിപ്പോട്ടുകൾ. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അതിശക്തമായ പ്രഹരം ഏൽപ്പിക്കാനാണ് പദ്ധതിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്നും താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റവും കഠിനമായ ആക്രമണങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടികൾ ലക്ഷ്യം കാണുമെന്നും എന്നാൽ ഇതിനായി കരസേനയെ ഇറക്കേണ്ട സാഹചര്യം ട്രംപ് ഭരണകൂടം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമാക്രമണങ്ങളിലൂടെയും ദീർഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. മേഖലയിലെ യുഎസ് പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam