'പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതം'; വെള്ളാപ്പള്ളിക്കെതിരെ കെ സി ജോസഫ്

Published : Jul 27, 2025, 02:05 PM IST
Vellapally,  K C Joseph

Synopsis

വെള്ളാപ്പള്ളി നടേശനെതിരെ കോൺഗ്രസ് നേതാവ് കെ സി ജോസഫ് രംഗത്ത്. പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും പിണറായി ദൈവമല്ലെന്നും കെ സി ജോസഫ്.

കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് കെ സി ജോസഫ്. പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതം. വെള്ളാപ്പള്ളിയുടെ ചില പദപ്രയോഗങ്ങൾ ഒട്ടും നിലവാരം ഉള്ളതല്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയാണ് വി ഡി സതീശൻ കൈ ഉയർത്തി സംസാരിക്കുന്നത്. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ദൈവമല്ല. പിണറായിക്ക് മുന്നിൽ കൈകൂപ്പി നിൽക്കേണ്ടവർക്ക് അങ്ങനെയാകാം. പറയേണ്ടത് മൂർച്ചയുള്ള വാക്കുകളിൽ പറയുക തന്നെ ചെയ്യുമെന്നും കെ സി ജോസഫ് കുറിച്ചു.

വി ഡി സതീശൻ ഈഴവ വിരോധിയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്- "ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണ്. പിണറായിയെ ചീത്ത പറയുക, കെപിസിസി പ്രസിഡന്‍റിനെ ചീത്ത പറയുക, എന്നെ ചീത്ത പറയുക. ചെന്നിത്തല ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടോ? കേരള രാഷ്ട്രീയത്തിൽ സതീശനെ പോലെ അധപതിച്ച രാഷ്ട്രീയ നേതാവില്ല"

കുറിപ്പിന്‍റെ പൂർണരൂപം

ആരെയും ഉപദേശിക്കാനല്ല ഈ പോസ്റ്റ് . ഒരു സമുദായ നേതാവിന്റെ പ്രസ്താവന കണ്ടു. അദ്ദേഹത്തോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് പറയട്ടെ , കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ പറ്റി പറയുമ്പോൾ കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിക്കുന്നതായിരുന്നു അദ്ദേഹം വഹിക്കുന്ന വലിയ പദവിക്ക് ഉചിതം. അദ്ദേഹം ഉപയോഗിച്ച ചില പദങ്ങൾ ഒട്ടും നിലവാരമുള്ളതല്ല എന്ന് പറയാതിരിക്കാൻ കഴിയില്ല.

പിന്നെ "പിണറായി വിജയനെതിരെ പോലും കൈ ഉയർത്തി സംസാരിക്കുന്ന സതീശൻ" എന്ന പരാമർശനത്തെ പറ്റി- പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ദൈവമൊന്നുമല്ല. അദ്ദേഹത്തിന്റെ മുന്നിൽ കൈ കൂപ്പി നിൽക്കേണ്ടവർക്ക് അങ്ങനെയാകാം . പ്രതിപക്ഷ നേതാവ് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രിയോട് കൈചൂണ്ടി സംസാരിച്ചോ എന്നറിയില്ല . സഭയിൽ കൈ ഉയർത്തി സംസാരിച്ചുവെങ്കിൽ അത് വലിയ കുറ്റമൊന്നുമല്ല. അങ്ങനെ കാണുകയും വേണ്ട. മുഖ്യമന്ത്രിയെ ഞങ്ങളും ബഹുമാനിക്കുന്നു . പക്ഷെ അദ്ദേഹത്തിന്റെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കാൻ ഞങ്ങൾ അടിമക്കൂട്ടമല്ല. പറയേണ്ടത് മൂർച്ചയുള്ള വാക്കുകളിൽ പറയുക തന്നെ ചെയ്യും.

സഭയിൽ വികാര തീവ്രമായ നിമിഷങ്ങളിൽ എന്തെല്ലാം സംഭവിക്കാറുണ്ട് . മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഭയിൽ എത്രയോ ആഭാസകരമായ വിമർശനങ്ങൾക്കും പ്രകടനങ്ങൾക്കും ഇരയായിട്ടുണ്ട്. മറ്റൊരു മുൻ മുഖ്യമന്ത്രിയെപ്പറ്റി 'വിഗ്രഹം ചുമക്കുന്ന കഴുത'യെന്ന് സ്വന്തം പാർട്ടിയിലെ ഒരു എംഎൽഎ സഭാവേദിയിൽ ആക്ഷേപിച്ചത് ഞങ്ങൾ കേട്ടതാണ്. വിമർശനങ്ങൾ നല്ലതാണ് . പക്ഷെ അതിന് ഉപയോഗിക്കുന്ന ഭാഷ നന്നാകുന്നത് എല്ലാവർക്കും നല്ലതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി