
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ് അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീൽ. തങ്ങളെ താറടിച്ചു കാണിക്കാനുള്ള കുൽസിത ശ്രമമാണ് നടക്കുന്നത്. ഏതു മാന്യനേയും മോശമാക്കാൻ, എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതു പോലുള്ള വഴി സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. രാഷ്ട്രീയമായി താൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ടെന്നും ആ വിമർശനം മേലിലും തുടരുമെന്നും എന്നാൽ ഒരിക്കലും വ്യക്തിഹത്യ നടത്തില്ലെന്നും കെ ടി ജലീൽ പ്രതികരിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്കൊപ്പം എന്നും കെ ടി ജലീൽ കുറിച്ചു.
വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് പോസ്റ്റിട്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. നിലവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ലീഗ് നൽകിയ പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക. കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഞാൻ ഉൾകൊള്ളുന്ന തൊഴുവാനൂർ മഹല്ലിൻ്റെ ഖാളി കൂടിയാണ് ആദരണീയനായ തങ്ങൾ. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന കുൽസിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും.
സാദിഖലി തങ്ങളെ സ്കൂൾ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. എൻ്റെ മൂന്നു വർഷം സീനിയറായി ചേളാരി 'സമസ്താലയ'ത്തിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മുതൽക്കേ സാദിഖലി തങ്ങളെ എനിക്ക് വളരെ അടുത്തറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും എൻ്റെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങൾ. രാഷ്ട്രീയമായി ഞാൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. നടത്തുകയുമില്ല.
സാദിഖലി തങ്ങളുടെ സഹധർമ്മിണി സുൽഫത്ത് ബീവി, പി.എസ്.എം.ഒ കോളേജിൽ എൻ്റെ ക്ലാസ്മേറ്റാണ്. ഇംഗ്ലീഷിനും അറബിക്കിനും ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു. സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാട് സ്വാഗതാർഹമാണ്. പോലീസ് ശക്തമായ ഇടപെടൽ നടത്തണം. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam