ഉത്ര കേസ്; വിധി അപക്വം, അപ്പീൽ നൽകുമെന്ന് സൂരജിൻ്റെ അഭിഭാഷകൻ

By Web TeamFirst Published Oct 13, 2021, 2:41 PM IST
Highlights

സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് വധശിക്ഷ നൽകാത്തതെന്നാണ് വിചാരണകോടതി വ്യക്തമാക്കിയത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു

കൊല്ലം: ഉത്ര കേസിലേത് (Uthra Case) അബദ്ധജഡിലവും അപക്വവുമായ വിധിയെന്ന് പ്രതിഭാഗം (Defence Lawyer) അഭിഭാഷകൻ അശോക് കുമാർ. പ്രതിയെ ശിക്ഷിക്കാനുള്ള തെളിവുകളില്ലെന്ന് ആവർത്തിച്ച അഭിഭാഷകൻ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി. കോടതി നടത്തിയത് ധാർമ്മിക ബോധ്യ പ്രഖ്യാപനം മാത്രമാണെന്നാണ് കുറ്റപ്പെടുത്തൽ. 

സൂരജിൻ്റെ (Sooraj) പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് വധശിക്ഷ നൽകാത്തതെന്നാണ് വിചാരണകോടതി വ്യക്തമാക്കിയത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്ത് വർഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം. ഇങ്ങനെയാണ് കോടതി വിധി. പത്ത് വർഷത്തെയും ഏഴ് വർഷത്തെയും തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയെന്നാണ് വിധി. അതായത് പതിനേഴ് വർഷത്തിന് ശേഷം മാത്രമേ ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയുള്ളൂ. 

പല കേസുകളിലും തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കാറുണ്ടെങ്കിലും ഈ കേസിൽ ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് മേൽക്കോടതി വിധികളോ സർക്കാർ തീരുമാനമോ ഉണ്ടായില്ലെങ്കിൽ ജീവതാവസാനം വരെ തടവിൽ കിടക്കണം. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം മനോജാണ് വിധി പ്രസ്താവിച്ചത്.

click me!