
ഡെറാഡൂൺ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാതി തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഖർഗെയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ച സംഘടനയ്ക്ക് ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലെന്നും, വിഷയം ദളിത് വിരുദ്ധമായി ചിത്രീകരിച്ച് ഖർഗെ ഇരവാദം ഉന്നയിക്കുകയാണെന്നും ധാമി ആരോപിച്ചു. ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നും താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ രാജ്യസഭയില്‍ പരാതി ഉന്നയിച്ചത്. എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീ രാം സേനയെന്ന സംഘടനയുമായി ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ബാബു ജഗ്ജീവൻ റാം, സീതാറാം കേസരി, ഡോ. ബി ആർ അംബേദ്കർ തുടങ്ങിയ ദളിത് നേതാക്കളോട് കോൺഗ്രസ് സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും പുഷ്കർ സിംഗ് ധാമി അഭിപ്രായപ്പെട്ടു. ഖർഗെയുടെ പരാമർശത്തിൽ മതവികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മല്ലികാർജുൻ ഖർഗെക്കെതിരായ ജാതീയ അധിക്ഷേപത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ശുദ്ധികലശത്തിൽ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ആവശ്യം. വിവിധ സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവും കോണ്‍ഗ്രസ് ശക്തമാക്കുകയാണ്. കേരളത്തിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡി സി സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെയോ ഡോ. ബി ആർ അംബേദ്കറുടെയോ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്താനും ആഹ്വാനമുണ്ട്. ഡി സി സി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ, വിവിധ സെല്ലുകളുടെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. ബി ജെ പിയുടെയും അവരുടെ പോഷക സംഘടനകളും വച്ചുപുലർത്തുന്ന വിദ്വേഷപരമായ മാനസികാവസ്ഥയുടെ തെളിവാണ് ഈ സംഭവമെന്നാണ് കെ പി സി സി അഭിപ്രായപ്പെട്ടത്. ഭരണഘടനാ മൂല്യങ്ങളായ സമത്വം, സഹോദര്യം, സാമൂഹിക നീതി എന്നിവയ്ക്കുമേലുള്ള കടന്നുകയറ്റവും ജനാധിപത്യ ഇന്ത്യയോടുള്ള കടുത്ത വെല്ലുവിളിയുമാണിതെന്നും കെ പി സി സി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam