10 മിനിറ്റ് വെയിലേറ്റാലും പ്രശ്നം; യു വി കിരണങ്ങളുടെ തോത് അപകടരമായ നിലയില്‍

By Web TeamFirst Published Feb 18, 2020, 2:37 PM IST
Highlights

സംസ്ഥാനത്ത് പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യമാണുള്ളത്. ഉയര്‍ന്ന താപനില പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടരമായ നിലയിലേക്ക് ഉയര്‍ന്നു. സൂര്യാഘാതം  ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യമാണുള്ളത്.

ഉയര്‍ന്ന താപനില പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. പൊളളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യ രശ്മികളിലെ അള്‍ട്രാവയലറ്റ്  കിരണങ്ങളുടെ തോത് ഉയരുന്നതാണ് കാരണം. ഇത്  നിശ്ചയിക്കുന്നത് യു.വി ഇന്‍ഡക്സിലാണ്. യു.വി ഇന്‍ഡക്സ് മൂന്ന് വരെ മനുഷ്യര്‍ക്ക് പ്രശ്നമുണ്ടാക്കില്ല.

ഒമ്പത് വരെയുള്ള ഇന്‍ഡക്സില്‍ ഒരു മണിക്കൂര്‍ വെയിലേറ്റാല്‍ പൊളളലുണ്ടാകും. അതില്‍ കൂടുതലാണെങ്കില്‍ പത്ത് മിനിറ്റ് വെയിലേറ്റാലും ആരോഗ്യ പ്രശ്നമുണ്ടാകും. കേരളത്തില്‍ മിക്ക ജില്ലകളിലും ഇപ്പോള്‍ യു.വി ഇന്‍ഡക്സ് 10 കടന്നതായും കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തിരീക്ഷ ആര്‍ദ്രതയും താപ സൂചിക ഉയര്‍ത്തുന്ന ഘടകമാണ്.

അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളുടെ കനം കുറ‍ഞ്ഞതും തെളിഞ്ഞ അന്തരീക്ഷവും യു വി ഇന്‍ഡക്സ് ഉയരാന്‍ കാരണമാകുന്നു. ഈയാഴ്ച അവസാനത്തോടെ സംസ്ഥാനത്തെ പല ജില്ലകളിലും ചെറിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ചൂട് കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. 

click me!