സെക്രട്ടേറിയേറ്റിന് മുന്നിലെ ഷാഹീൻ ബാഗ് സമരപ്പന്തൽ ഉടൻ പൊളിക്കണമെന്ന് പൊലീസ്, നോട്ടീസ് നൽകി

By Web TeamFirst Published Feb 18, 2020, 2:20 PM IST
Highlights

ശനിയാഴ്ചയാണ് പൊലീസ് സമരക്കാർക്ക് നോട്ടീസ് നൽകിയത്. എന്നാൽ സമരക്കാർ പിന്മാറിയില്ല. ഈ സമയപരിധി അവസാനിക്കുകയും ചെയ്തു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ 16 ദിവസമായി തുടരുന്ന ഷാഹീൻ ബാഗ് മാതൃകയിലുള്ള സമരം അവസാനിപ്പിക്കാൻ വീണ്ടും പൊലീസിന്റെ നോട്ടീസ്. 12 മണിക്കൂറിനുള്ളിൽ സമരം അവസാനിപ്പിക്കണമെന്നാണ് നോട്ടീസ്. സെക്രട്ടേറിയേറ്റിന് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട് സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സമരം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

ശനിയാഴ്ചയാണ് പൊലീസ് സമരക്കാർക്ക് നോട്ടീസ് നൽകിയത്. എന്നാൽ സമരക്കാർ പിന്മാറിയില്ല. ഈ സമയപരിധി അവസാനിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസിന്റെ പുതിയ നീക്കം. പന്തൽ കെട്ടിയ ആറ്റുകാൽ സ്വദേശി മുരുകന്റെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. 12 മണിക്കൂറിനുള്ളിൽ പന്തൽ പൊളിച്ചുനീക്കണമെന്നാണ് പൊലീസ് മുരുകേശന് നൽകിയിരിക്കുന്ന നിർദ്ദേശം.

പന്തലുടമ പന്തൽ പൊളിക്കാനായി സ്ഥലത്തെത്തിയെങ്കിലും സമരക്കാർ അനുവദിച്ചില്ല. പത്ത് മണി മുതൽ മുരുകേശൻ ഇവിടെ കാത്തുനിൽക്കുകയാണ്. സമരക്കാർ പിന്മാറുന്നില്ലെങ്കിൽ കാര്യം പൊലീസിനെ അറിയിക്കുമെന്ന് പന്തലുടമ മുരുകേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സമരം നടത്തുന്നത് വിദ്യാർത്ഥികളും അമ്മമാരുമാണെന്ന് സമരക്കാരിലൊരാളായ ഷാജർഖാൻ പറഞ്ഞു. ഈ സമരപ്പന്തൽ പൊളിക്കുന്നത് സർക്കാർ സ്വന്തം ശവക്കുഴി തോണ്ടുന്നത് പോലെയാണ്. ഈ സമരപ്പന്തൽ പൊളിച്ചാൽ സമരം അവസാനിക്കുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!