
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ സതീശൻ, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ തല്ലി കൊന്ന പൊലീസിനെ ഭരണപക്ഷം ന്യായീകരിക്കുകയാണ്. ടി പി കേസ് പ്രതികളെ കൊണ്ടുയത് ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പൊലീസിലെ ഏറാൻമൂളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണ്. വൃത്തിക്കേടുകൾക്ക് മുഴുവൻ പൊലീസ് കൂട്ടുനിൽക്കുന്നു. ഏരിയ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പൊലീസിന് പേടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കുന്നംകുളം, പീച്ചി, പേരൂർക്കട സംഭവങ്ങൾ നിരത്തി കൊണ്ടായിരുന്നു സതീശന്‍റെ പ്രതികരണം. കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം. അതുവരെ സമരം തുടരുമെന്നും പ്രതിസഭ നേതാവ് നിയമസഭയില്‍ പറഞ്ഞു. അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.
നിയമസഭയിൽ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച് റോജി എം ജോൺ എംഎൽഎ. പൊലീസ് എന്ത് കൊള്ളരുതായ്മ ചെയ്താലും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് അധപതനത്തിന് കാരണമെന്ന് ചർച്ച തുടങ്ങിവെച്ച റോജി എം ജോണ്‍ പറഞ്ഞു. അടിയന്തിരാവസ്ഥയിൽ തനിക്ക് നേരിടേണ്ടിവന്ന പൊലീസ് മര്‍ദനത്തെക്കുറിച്ച് പിണറായി വിജയൻ സഭയില്‍ നടത്തിയ പഴയ പ്രസംഗം ഉദ്ധരിച്ചാണ് റോജി പ്രസംഗം ആരംഭിച്ചത്. അതേ പിണറായിക്ക് കീഴിൽ ഇന്ന് പൊലീസ് ഗുണ്ടാപ്പട ആയി മാറിയെന്ന് റോജി ആരോപിച്ചു. ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി പറയും.