
തിരുവനന്തപുരം: മാണി സി കാപ്പന്‍റെ വിമർശനത്തിന് പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. കാപ്പൻ പരസ്യമായി ഇത്തരം പരാമർശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കിൽ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞപ്പോൾ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.
മാണി സി കാപ്പൻ ഇത് വരെ പരാതിയുമായി എന്‍റെ അടുത്ത് വന്നിട്ടില്ല, പരാതിയുണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. ഇനി അഥവാ പരാതിയുണ്ടെങ്കിൽ പരിഹരിക്കും, ആർഎസ്പിയുടെ പരാതി പരിഹരിച്ചു. ഇതായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം.
യുഡിഎഫ് സംവിധാനത്തിൽ മാണി സി കാപ്പന് പരാതി ഉണ്ടെങ്കിൽ പരിഹരിക്കുമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രതികരണം. മാണി സി കാപ്പൻ യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും കാപ്പൻ നിലപാടുള്ള ആളാണെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. ഘടകകക്ഷികൾ പറയുന്നത് ന്യായമെങ്കിൽ പരിഹരിക്കുന്ന മുന്നണിയാണ് യുഡിഎഫ് എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
യുഡിഎഫ് ഭംഗിയായി പോകണമെന്ന നിലയിലാണ് കാപ്പന്‍ അങ്ങനെ പറഞ്ഞതെന്നാണ് തിരുവഞ്ചൂർ പറയുന്നത്. വി ഡി സതീശൻ പറഞ്ഞത് കാപ്പൻ തെറ്റിധരിച്ചതാണ്. നിയമസഭയിലെ സ്വാഭാവിക നടപടിയെ കുറിച്ചാണ് സതീശൻ സൂചിപ്പിച്ചത്. ഓരോ ഘടകകക്ഷിക്കും വ്യക്തിത്വമുണ്ടെന്ന് തിരുവഞ്ചൂർ അംഗീകരിക്കുന്നു.
മുന്നണി സംവിധാനത്തിലെ അസ്വാരസ്യങ്ങളെ പറ്റി മാണി സി കാപ്പൻ രാവിലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. യുഡിഎഫ് പരിപാടികളൊന്നും അറിയിക്കുന്നില്ലെന്നായിരുന്നു കാപ്പന്‍റെ പരിഭവം. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പൻ തുറന്നടിച്ചു. എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധയില്ലെന്നും ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ലെന്നുമായിരുന്നു കാപ്പന്‍റെ പ്രതികരണം.
രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനെന്ന് വി ഡി സതീശൻ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും കാപ്പൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam