'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ

Published : Dec 23, 2025, 11:44 AM IST
 doctors perform roadside surgery in Kochi

Synopsis

കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നടുറോഡിൽ വെച്ച് മൂന്ന് ഡോക്ടർമാർ ചേർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ശ്വാസം തിരികെ നൽകി ജീവൻ രക്ഷിച്ച ഡോക്ടർമാരെ വി ഡി സതീശൻ അഭിനന്ദിച്ചു.

കൊച്ചി: കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ ജീവൻ നടുറോഡിൽ തിരികെ പിടിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമാ കഥയെ വെല്ലുന്ന നടുറോഡിലെ ആ ശസ്ത്രക്രിയ ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് വി ഡി സതീശൻ കുറിച്ചു. പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്‍റെ പൂർണരൂപം

ഒരു ജീവൻ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്

ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്

രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക

ആ ഡോക്ടർമാർ ഇവരാണ്...

കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ്, മരണത്തെ മുഖാമുഖം കണ്ടപ്പോൾ രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടർമാർ ആണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസർ ഡോ.ബി മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ.ദിദിയ കെ തോമസും. ബൈക്ക് അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശിയായ ലിനുവിന് ശ്വാസമെടുക്കാൻ കഴിയാത്ത വിധം പരിക്കേറ്റു. തുടർന്ന് സ്ഥലത്തെത്തിയ ഈ ഡോക്ടർമാർ പൊലീസ് സംഘടിപ്പിച്ച് നൽകിയ ബ്ലെയിഡും സ്ട്രോയും ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരികെ പിടിക്കുകയായിരുന്നു. തുടർന്ന് ലിനുവിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

അതിസാഹസികമായ രക്ഷാദൌത്യത്തെക്കുറിച്ച് മൂന്ന് ഡോക്ടര്‍മാരും ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. പൊലീസും നാട്ടുകാരും സര്‍വ പിന്തുണയും നൽകി ഒപ്പം നിന്നു. സ്ട്രോയും ബ്ലേഡും എത്തിച്ചു തന്നത് പൊലീസുകാരാണ്. സ്ഥലത്ത് വെളിച്ചമുണ്ടായിരുന്നില്ല. നാട്ടുകാരുടെ മൊബൈലിന്‍റെ വെളിച്ചത്തിലാണ് ചെയ്തതെന്നും ഡോക്ടർമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'
നോവായി അമൽജിത്ത്; ചുഴിയിൽപ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി