
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തായിരുന്നു ഗ്രോ വാസുവിനെതിരായ കേസെന്ന് സതീശന്‍ ചോദിച്ചു. കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ എല്ലാ അര്‍ത്ഥത്തിലും എല്ലാ വിധത്തിലും വലതുപക്ഷമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
"94 വയസ്സുള്ള വാസുവേട്ടൻ ഒടുവിൽ കുറ്റവിമുക്തനായി! എന്തായിരുന്നു അദ്ദേഹത്തിനെതിരായ കേസ്? മാവോയിസ്റ്റ് പ്രവർത്തകർ എന്ന് വിളിക്കപ്പെടുന്നവരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. ആരാണ് കേസ് എടുത്തത്? കേരളത്തിലെ എൽഡിഎഫ് സർക്കാർ. കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ എല്ലാ അര്‍ത്ഥത്തിലും എല്ലാ വിധത്തിലും വലതുപക്ഷമാണ്"
ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെടുകയുണ്ടായി.
ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരായതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗ്രോ വാസുവിന്‍റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും വി ഡി സതീശൻ നേരത്തെ ചോദിച്ചിരുന്നു. ഗ്രോ വാസുവും പുതുപ്പള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം? നമ്മളാണ് ഗ്രോ വാസുവിന്‍റെ മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയിലെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമായിരുന്നു കേസ്.
കഴിഞ്ഞ 45 ദിവസമായി റിമാന്റിൽ കഴിയുകയായിരുന്നു ഗ്രോ വാസു. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കോടതി കേസ് പരിഗണിച്ചത്.
കേസിലെ കൂട്ടുപ്രതികളെല്ലാം നേരത്തെ 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായിരുന്നില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വഴി തടസപ്പെടുത്തിയതിൽ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു. മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും ആരോപിച്ചു.