'സേവ് കുട്ടനാട് കൂട്ടായ്മയെ എതിര്‍ക്കേണ്ടതില്ല'; ദുരിതം തീര്‍ക്കാന്‍ ഹ്രസ്വകാല-ദീർഘകാല പദ്ധതി വേണം: സതീശന്‍

By Web TeamFirst Published Jun 20, 2021, 3:45 PM IST
Highlights

സമ്പൂർണ്ണ പാരിസ്ഥിതിക പഠനം നടത്തിവേണം എസി റോഡ് നവീകരണം നടപ്പിലാക്കാന്‍. കുട്ടനാടിന്റെ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ മാത്രമേ പദ്ധതി നടത്താവു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ റോഡ് നവീകരണമാണോ സർക്കാരിന്റെ മുൻഗണനയെന്നും സതീശന്‍ ചോദിച്ചു.

ആലപ്പുഴ: കുട്ടനാടൻ ജനത ദുരിതത്തിൽ മുങ്ങുമ്പോൾ കോടികൾ മുടക്കി എ സി റോഡിനെ എലിവേറ്റഡ് ഹൈവേ ആക്കുന്ന പദ്ധതിക്കാണോ പ്രാധാന്യം നൽകേണ്ടതെന്ന് സർക്കാർ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുട്ടനാടൻ ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്നും വെളളപ്പൊക്ക ദുരിതം നീക്കാൻ ഹ്രസ്വകാല-ദീർഘകാല പദ്ധതി വേണമെന്നും സതീശന്‍ പറഞ്ഞു. 

കുട്ടനാടിനെ കരകയറ്റാൻ ഒന്നിച്ച് നിൽക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം സേവ് കുട്ടനാട് ക്യാമ്പൈന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സേവ് കുട്ടനാട് കൂട്ടായ്മയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ ഉചിതമായില്ലെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് മുന്നിൽ കനകാശ്ശേരിയിലെ കുടുംബങ്ങൾ ദുരിതങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലക്ഷങ്ങൾ മുടക്കി സർക്കാർ കെട്ടിയ അശാസ്ത്രീയ പുറംബണ്ട് അടിക്കടി തകരുന്നതിന്‍റെ ദുരിതം ആളുകൾ വിശദീകരിച്ചു. 

വെള്ളം കയറി കൃഷിയോഗ്യമല്ലാതെ കിടക്കുന്ന പാടങ്ങളും വീടുകളും പ്രതിപക്ഷ നേതാവ് നേരിൽ കണ്ടു. രണ്ടാം കുട്ടനാട് പാക്കേജ് ഉൾപ്പെടെ ശാത്രീയമായി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സതീശന്‍ പറഞ്ഞു. ദുരിതം ഏറെയുള്ള കൈനകരി, പുളിങ്കുന്ന് പ്രദേശങ്ങളും പ്രതിപക്ഷ നേതാവ് നേരിട്ടെത്തി. കർഷകരിൽ നിന്ന് നിർദേശങ്ങൾ കേട്ടു. അതേസമയം കുട്ടനാടിന്‍റെ ദുരിതങ്ങ‌ൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ. വിശാല കുട്ടനാട് വികസന അതോറിറ്റി രൂപീകരിച്ച് പദ്ധതികൾ ഉടൻ തുടങ്ങണമെന്ന് സാമുദായിക ഐക്യവേദി ആവശ്യപ്പെട്ടു. 

കുട്ടനാടിന് കരകയറണം എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് വിവിധ സംഘടനകൾ സജീവമാകുന്നത്. മടവീഴ്ചയും വെള്ളപ്പൊക്കവും താളംതെറ്റിച്ച കുട്ടനാടൻ ജീവിതം തിരികെ പിടിക്കുകയാണ് ലക്ഷ്യം. രണ്ടാം കുട്ടനാട് പാക്കേജ് ഉടൻ തുടങ്ങണം. എല്ലാം ശാസ്ത്രീയമായി നടപ്പാക്കാൻ വികസന അതോറിറ്റി രൂപീകരിക്കണം, എസി റോഡിനെ സെമി എലിവേറ്റഡ് ഹൈവേയാക്കുന്ന പദ്ധതി ഉപേക്ഷിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

click me!