
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീവിരുദ്ധതയാകുമോ എന്ന് വി ഡി സതീശൻ ചോദിച്ചു. ആർക്കാണ് കാപട്യം എന്ന് ജനം തീരുമാനിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു. നടപ്പിലും സംസാരത്തിലും ആര്‍ക്കാണ് കാപട്യമെന്ന് എല്ലാവര്‍ക്കും അറിയാം.
ഇന്നലെയാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആക്ഷേപമുന്നയിച്ചത്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് കാപട്യമാണെന്നും സഭയിൽ കണ്ടത് പ്രതിപക്ഷ നേതാവിൻ്റെ കാപട്യമാണെന്നുമായിരുന്നു വീണാ ജോർജിന്റെ വിമര്‍ശനം.
ഇതുവരെ കാണാത്ത പ്രതിഷേധങ്ങൾക്കും സംഘർഷത്തിനുമാണ് കേരള നിയമസഭാ ഇന്നലെ സാക്ഷ്യം വഹിച്ചത്. അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചു. പ്രതിപക്ഷവും വാച്ച് ആൻ്റ് വാർഡും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷ എംഎൽഎമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘർഷത്തിൽ കെ കെ രമ, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർക്കും വനിതകളടക്കം 8 വാച്ച് ആൻറ് വാർഡിനും പരിക്കേറ്റു.
'ഇന്ന് സഭയിൽ കണ്ടത് പ്രതിപക്ഷ നേതാവിന്‍റെ കാപട്യം'; വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി
നിയമസഭയിലെ പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി എംഎൽഎ സനീഷിന്‍റെ പരാതിയിലാണ് ഒരു കേസ്. എച്ച്. സലാം, സച്ചിൻദേവ്, അഡി. ചീഫ് മാർഷൽ മൊയ്ദ്ദീൻ എന്നിവർക്കെതിരെയാണ് എഫ്ഐആര്‍. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സനീഷിൻ്റെ മൊഴിയെടുത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഭരണപക്ഷ എംഎല്‍എമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. മർദ്ദിക്കുക, പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam