
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ടാസ്ക്ഫോഴ്സ് രൂപീകരണവും എസ്എംഎ രോഗികൾക്കുള്ള ഇന്ത്യൻ ജനറിക് മരുന്ന് നൽകാനുള്ള തീരുമാനവും ആര് എതിർത്താലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍. രണ്ട് തീരുമാനത്തിന് പിന്നിലും അഴിമതി ഉണ്ടെന്നും കച്ചവട താൽപര്യം മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യമന്ത്രി കാര്യങ്ങൾ പഠിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ഉപദേശം.
പൊതുജനാരോഗ്യമേഖലയിലെ നയരൂപീകരണത്തിനുള്ള ടാസ്ക് ഫോഴ്സിൽ യുപി മുൻ ചീഫ് സെക്രട്ടറിയും കോർപ്പറേറ്റ് വക്താവുമായ ദീപക് സിംഗാൾ എങ്ങനെ കയറിപ്പറ്റി, വില കൂടിയതെങ്കിലും ഗുണനിലവാരം ഉറപ്പിച്ച മരുന്ന് മാറ്റി എസ്എംഎ രോഗികൾക്കുള്ള മരുന്ന് വിലകുറച്ച് നൽകാനുള്ള തീരുമാനത്തിൽ ആരോഗ്യവകുപ്പ് വളയമില്ലാതെ ചാടിയതെന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ഉന്നയിച്ചത്. ദീപക് സിംഗാളിനെതിരെ നിലവിൽ ഒരു വിജിലൻസ് കേസും ഇല്ലെന്നും ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുമ്പോൾ കോർപറേറ്റ് വല്‍ക്കരണം പോലുള്ള ക്ലാഷേ വാക്കുകൾ കൊണ്ട് നേരിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വളരുന്നത് ഒക്കെ കൊള്ളാം അത് പുറകോട്ടാകരുതെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു.
മരുന്ന് കമ്പനിയിൽ നിന്ന് സിപിഎം തെരഞ്ഞെടുപ്പ് ഫണ്ടായി ഒന്നര കോടി വാങ്ങിയെന്ന് ആരോഗ്യമന്ത്രി ആരോപിച്ചപ്പോൾ കോൺഗ്രസ് വാങ്ങിയത് 12.5 കോടിയാണെന്ന് പിണറായി തിരിച്ചടിച്ചു. എസ്എംഎ മരുന്നിന് ഒറ്റക്കമ്പനി ടെണ്ടർ ചട്ടലംഘനമെന്ന് പ്രതിപക്ഷവും ജനറിക് മരുന്ന് ഉണ്ടാക്കുന്ന ഒറ്റ കമ്പനിയേ ഉള്ളീ എന്ന് സർക്കാരും വാദപ്രതിവാദം നടത്തി. കൊവിഡ് കാലത്തെ കടത്തെ ചൊല്ലി ആരോഗ്യമന്ത്രിയുടെ കുത്തിന് കണ്ണൂരിലെ ആയുർവേദ വെൽനസ് സെന്ററിന്റെ ഭൂമിക്കെതിരെ ആരോഗ്യ മന്ത്രി ഉന്നയിച്ച ആരോപണം കൂടി കൂട്ടിക്കെട്ടിയായിരുന്നു പിണറായിയുടെ മറുപടി. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാറാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. അനുമതി നിഷേധിച്ചതിനെ തുർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam