'കേരളത്തിന്‍റെ പൊതുമനസ് അച്ഛനും മകള്‍ക്കുമൊപ്പം',മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യണം:സതീശന്‍

Published : Sep 22, 2022, 04:46 PM ISTUpdated : Sep 22, 2022, 10:10 PM IST
'കേരളത്തിന്‍റെ പൊതുമനസ് അച്ഛനും മകള്‍ക്കുമൊപ്പം',മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യണം:സതീശന്‍

Synopsis

സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച ജീവനക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മര്‍ദ്ദനമേറ്റ പ്രേമനനും മകള്‍ രേഷ്മയും പറഞ്ഞത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. 

പിതാവിന് മര്‍ദ്ദനമേല്‍ക്കുന്നതും തടയാന്‍ ശ്രമിച്ച മകളെ മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ കേരളം മുഴുവന്‍ കണ്ടതാണ്. കേരളത്തിന്‍റെ പൊതുമനസ് ഈ അച്ഛനും മകള്‍ക്കുമൊപ്പമാണ്. ഇവര്‍ക്ക് നീതി ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും ഉത്തരവാദിത്തമാണ്. മുഴുവന്‍ തെളിവുകളും കണ്‍മുന്നിലുണ്ടായിരിക്കെ, നിയമം കയ്യിലെടുക്കുന്നവരെ ചേര്‍ത്ത് പിടിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാതതാണ് സംഭവിച്ചത്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. സംഭവത്തെക്കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ടായി നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നല്‍കി. നാളെ തന്നെ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസിന്‍റെ വിശദാംശങ്ങളും തേടി. വിഷയം നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. സംഭവത്തിൽ നാല് കെഎസ്ആർടി സി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാൻഡിങ് കൗൺസിൽ കോടതിയെ അറിയിച്ചു.

കാട്ടാക്കടയിൽ  വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കാട്ടാക്കട ഡിവൈഎസ്പി അനിലിന്‍റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശനെ പിന്തുണച്ച് കെ മുരളീധരൻ; 'നേതാക്കള്‍ക്കെതിരായ ആക്രമണത്തെ എതിര്‍ക്കും', സാമുദായിക നേതാക്കളുമായി സൗഹൃദത്തിൽ പോകുമെന്ന് സണ്ണി ജോസഫ്
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല, 'തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് തന്നെ ആവർത്തിച്ചു'