
തിരുവനന്തപുരം: പുതുപ്പള്ളി വിധിയെഴുത്ത് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്വപ്നതുല്യ വിജയലക്ഷ്യമാണ് യുഡിഎഫിനുള്ളതെന്നും ഉമ്മന്‍ചാണ്ടുയോടുള്ള ജനങ്ങളുടെ സ്നേഹം വിധിയെഴുത്തില്‍ പ്രതിഫലിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
Also Read: ബൂത്ത് നമ്പർ 126, ക്രമ നമ്പർ 647; വോട്ടർ പട്ടികയിൽ നീക്കം ചെയ്യാതെ ഉമ്മൻചാണ്ടിയുടെ പേര്
പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിച്ചത്. യുഡിഎഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്.
ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി.പി.എം തയാറുണ്ടോ? വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത്. ഗൗരവമായ രാഷ്ട്രീയം യു.ഡി.എഫ് പുതുപ്പള്ളിയില്‍ പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി.
53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുന്നു. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്ത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam