
പാലക്കാട്: പാലക്കാട് ഇടത് കോട്ടകൾ തകർത്ത് യുഡിഎഫ് ഏഴ് സീറ്റുകൾ പിടിക്കുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. പാലക്കാട് മണ്ഡലത്തിൽ വിജയ സാധ്യതയില്ല എന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. വോട്ടെണ്ണും മുമ്പേ കോൺഗ്രസ് വിജയിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. സിപിഎമ്മിന് എന്തൊരു ഗതികേടാണെന്നും ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി പാലക്കാട്ടെ സിപിഎം മാറിയെന്നും വി കെ ശ്രീകണ്ഠൻ വിമർശിച്ചു. ആര് മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും യോഗ്യരാണെന്നും ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും വി കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ അറിയപ്പെടുന്ന ശക്തനായ, ഊർജ്ജസ്വലനായ നല്ല നേതാവാണ് കെ സി വേണുഗോപാൽ. രമേശ് ചെന്നിത്തല കേരള സമൂഹത്തിന് ഇഷ്ടപ്പെട്ട നേതാവാണ്. അതുപോലെയാണ് വി ഡി സതീശനും. കോണ്‍ഗ്രസിന് ഒരുപാട് നേതാക്കന്മാരുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ട സമയത്ത് നേതൃത്വം തീരുമാനിക്കും. മുഖ്യമന്ത്രി ചർച്ച കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന മുഹമ്മദ് ഷിയാസിന്‍റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹമാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. പൊതുസമൂഹം വി ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് അയക്കില്ല. സിപിഎമ്മിന്‍റെയും ബിജെപിയുടെയും അജണ്ട നടപ്പാവില്ലെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ഇത്തവണ വമ്പൻ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലിയിരുത്തൽ. ജില്ലയിൽ നിലവിലുള്ള 2 സീറ്റുകൾ, 7 സീറ്റുകൾ വരെയായി ഉയരാമെന്നാണ് യു ഡി എഫ് പ്രതീക്ഷ. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ വലിയ ആധ്യപത്യമുണ്ടെന്നും വിജയം ഉറപ്പാണെന്നാണ് യു ഡി എഫിന്റെ പ്രാഥമിക വിലയിരുത്തൽ. സിറ്റിംഗ് സീറ്റുകളായ പാലക്കാട്, മണ്ണാർക്കാട് എന്നിവയ്ക്ക് പുറമേ തൃത്താലയിലും ചിറ്റൂരിലും വലിയ വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എൽ ഡി എഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും ചിറ്റൂരിലും തൃത്താലയിലും തങ്ങൾക്ക് ഗുണകരമായെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു. പാലക്കാട് മണ്ഡലം രമേഷ് പിഷാരടിയിലൂടെ നിലനിർത്താനാകും. മണ്ണാർക്കാട് എൻ ഷംസുദ്ദീന് നാലാം വിജയം ഉറപ്പാണെന്നതിലും യു ഡി എഫിന് സംശയമില്ല.
എം ബി രാജേഷ് കഴിഞ്ഞ തവണ പിടിച്ചെടുത്ത തൃത്താല ഇക്കുറി ബൽറാം തിരിച്ചുപിടിക്കുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടൽ. എൽ ഡി എഫ് സ്ഥാനാർഥി അഡ്വ. വി മുരുകദാസിനെതിരെയും മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ സുമേഷ് അച്യുതന് ഗുണമാകുമെന്നാണ് വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചു കയറാൻ സാധിക്കുമെന്നും യു ഡി എഫ് വിലയിരുത്തുന്നുണ്ട്. ഇതിനുപുറമെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഒറ്റപ്പാലത്ത് ഇത്തവണ അപ്രതീക്ഷിതമായ അട്ടിമറി വിജയം നേടാൻ സാധ്യതയുണ്ടെന്നും മുന്നണി നേതാക്കൾ അവകാശപ്പെട്ടു. സി പി എം വിട്ടെത്തിയ പി കെ ശശിയിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്. ചിട്ടയായ പ്രവർത്തനവും ഭരണവിരുദ്ധ വികാരവും ജില്ലയിൽ യു ഡി എഫിന് വലിയ മുന്നേറ്റം നൽകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രാദേശിക നേതൃത്വം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam