ദില്ലിയിലേക്ക് വിളിപ്പിച്ചത് സർപ്രൈസ് ആയെന്ന് വി എം സുധീരൻ; 'ടീം യുഡിഎഫ് നേടിയ വിജയം, ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകും'

Published : May 11, 2026, 07:02 PM IST
V M Sudheeran

Synopsis

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായി കോൺഗ്രസ് ഹൈക്കമാൻഡ് മുതിർന്ന സംസ്ഥാന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ടീം യുഡിഎഫ് നേടിയ വിജയമാണിതെന്ന് വി എം സുധീരൻ പ്രതികരിച്ചു.

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തുടർ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ തുടങ്ങിയ മുൻ കെപിസിസി അധ്യക്ഷന്മാരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചത്. തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സർപ്രൈസ് ആയാണ് അറിഞ്ഞതെന്ന് വി എം സുധീരൻ വ്യക്തമാക്കി. മെസേജ് വന്നു. വിളിച്ചത് എന്തിനാണെന്നതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ലീഡർഷിപ്പിനെ കാണണം എന്നാണ് പറഞ്ഞത്. ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ടീം യുഡിഎഫ് നേടിയ വിജയമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. എത്രയും പെട്ടെന്ന് കേരളത്തിന്‌ മുഖ്യമന്ത്രി ഉണ്ടാകട്ടെ. ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തു ഭരിക്കാൻ കഴിയട്ടെ. നാളെയാണ് ഡൽഹിക്ക് പോകുന്നതെന്നും വി എം സുധീരൻ പറഞ്ഞു.

വിശാല ചർച്ചകൾക്ക് ഹൈക്കമാൻഡ്

കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ വിശാല ചർച്ചകൾക്ക് ഹൈക്കമാൻഡ് തീരുമാനിച്ചു. മുന്‍ കെപിസിസി അധ്യക്ഷന്മാരോടുംമുതിര്‍ന്ന നേതാക്കളോടും നാളെ ദില്ലിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. നിലവിലെ ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടക കക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും അന്തിമ പ്രഖ്യാപനം. പഴി കേള്‍ക്കാതെ പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്‍ഡ് നീക്കം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, കെ സുധാകരന്‍, എം എം ഹസന്‍ എന്നിവർക്കൊപ്പം മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് നേരിട്ട് കണ്ട് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് ദീപ ദാസ് മുന്‍ഷിയാണ് നേതാക്കളെ വിളിച്ചത്. അസൗകര്യം അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ചകള്‍ വേഗത്തില്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി ഇന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും സംസാരിച്ചു. ലീഗിന്‍റെ നിലപാടും സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. അവസാനവട്ട ചര്‍ച്ചകളിലും കെ സി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലുള്ളത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപ കാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല.

എന്നാല്‍ നാളെ നേതാക്കളെ കേള്‍ക്കുന്ന നേതൃത്വം സംസ്ഥാനത്തെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തിയേക്കും. ബുധനാഴ്ചയോടെ തീരുമാനം വന്നേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. തീരുമാനം നീളുന്നത് കോണ്‍ഗ്രസിന് ദേശീയ തലത്തിലും ക്ഷീണമായിരിക്കുകയാണ്. ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ചോയ്സ് കെ സി വേണുഗോപാലാണെന്നും സംസ്ഥാനത്ത് പ്രതിഷേധം തണുക്കുന്നത് നോക്കി പ്രഖ്യാപനം വൈകിക്കുകയാണെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി: സംസ്ഥാനത്ത് 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത, ഇടിമിന്നൽ മുന്നറിയിപ്പ്
പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ പൊളിറ്റ് ബ്യൂറോക്ക് എതിർപ്പില്ല എന്നാണോ? മറുപടി ചിരിയിലൊതുക്കി ബേബി; 'തോൽവിയുടെ ഉത്തരവാദിത്വം ഒറ്റയ്ക്കല്ല'