വോട്ടര്‍ പട്ടികയിൽ പേരില്ല: 45 വർഷമായി വോട്ട് ചെയ്യുന്ന ആളാണെന്ന് വിഎം വിനു; വോ‌‌ട്ടർ പ‌ട്ടിക ക്രമക്കേടെന്ന് ആരോപിച്ച് കോൺ​ഗ്രസ്

Published : Nov 17, 2025, 08:06 PM ISTUpdated : Nov 17, 2025, 09:42 PM IST
vm vinu praveen kumar

Synopsis

എല്ലാ തെരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. കല്ലായിയിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും വിനു കൂട്ടിച്ചേർത്തു.

കോഴിക്കോട്:കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി വിഎം വിനുവിന് വോട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പുറത്തു വന്നപ്പോളാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യമറിഞ്ഞത്. സിപിഎം നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയാണ് വോട്ടര്‍പട്ടികയിലെ ക്രമക്കേടിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നാലര പതിറ്റാണ്ടോളമായി വോട്ടുചെയ്യുന്ന തനിക്ക് വോട്ട് നിഷേധിച്ചത് അനീതിയെന്നും കോഴിക്കോട്ടെ എല്ലാ വാര്‍ഡുകളിലും പ്രചാരണത്തിനിറങ്ങുമെന്നും വി എം വിനു പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വിഎം വിനുവിന്‍റെ പേര് പട്ടികയിലില്ലെന്ന വിവരം പുറത്ത് വന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച കോര്‍പറേഷനിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്ത് വന്നെങ്കിലും തനിക്ക് വോട്ടില്ലെന്ന കാര്യം വിനുവും മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ലെന്ന കാര്യം യുഡിഎഫ് നേതാക്കളും അറിഞ്ഞത് പിന്നെയും മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാണ്. പട്ടികയില്‍ പേരില്ലെന്ന് ഉറപ്പായതോടെ വിനുവിനൊപ്പം ഡിസിസി ഓഫീസില്‍ വാര്‍ത്താ സമ്മേളനം കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും സിപിഎമ്മിനെതിരെയും ഗൂഡാലോചന ആരോപിച്ചു.

അതേസമയം, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാതെയാണ് യുഡിഎഫ് മേയര്‍ സ്ഥാാര്‍ത്ഥിയെ നിശ്ചയിച്ചത് എന്ന് വിനുവിന്‍റെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായി. സെപ്റ്റംബര്‍ 29ന് പുറത്ത് വന്ന പട്ടികയില്‍ പേരുണ്ടായിരുന്നോ എന്ന ചോദ്യത്തോട് വിനുവും കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചത് ഇങ്ങനെ.

പ്രവീണ്‍ കുമാര്‍ ഡിസിസി അധ്യക്ഷനായ ശേഷം കോണ്‍ഗ്രസിന്‍റെ സാംസ്കാരിക വേദികളില്‍ സജീവമായിരുന്നു വിഎം വിനു. പ്രവീണിന്‍റെ മുന്‍കൈയില്‍ തന്നെയാണ് വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയതും. പ്രഖ്യാപനത്തിന് പിന്നാല വിനു കല്ലായി വാര്‍ഡില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പരിഷ്കരിച്ച വോട്ടര്‍ പട്ടികില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാതെയായിരുന്നു വിനുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് പ്രഖ്യാപിച്ചത്. പ്രാഥമിക പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും ഇതും കഴിഞ്ഞായിരുന്നു യുഡിഎഫ് വിനുവിനെ കണ്ടെത്തിയതും പ്രഖ്യാപനം നടത്തിയതും. വോട്ടര്‍പട്ടികയില്‍ പേരില്ലാതെ വന്നാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ലെന്നതിനാല്‍ കല്ലായി വാര്‍ഡില്‍ പുതിയൊരു സ്ഥാനാര്‍ത്ഥിയെയും മേയര്‍ സ്ഥാനത്തേക്ക് പുതിയൊരു നേതാവിനെയും കണ്ടെത്തേണ്ട പ്രതിസന്ധിയിലാണ് യുഡിഎഫ്.

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്