
തിരുവനന്തപുരം: ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടികയിലെ ഒന്നാം പേരുകാരനെ' പരസ്യപ്പെടുത്തിയതിനെ ചൊല്ലി ഗ്രൂപ്പ് പോര്. കഴിഞ്ഞ ദിവസം കോട്ടയത്ത് അഖിലേന്ത്യ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ബിജെപി സ്ഥാനാർഥി നിർണ്ണയയോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പേരുകള്‍ പുറത്ത് വന്നിരുന്നു. പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ ഗ്രൂപ്പ് പോര് മുറുകിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയെ ഒന്നാം പേരുകാരനാക്കി നിര്‍ദ്ദേശിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഇതിനെതിരെ മുരളീധര പക്ഷം രംഗത്ത് വന്നിരിക്കുകയാണ്.
പത്തനംതിട്ടയിലേക്ക് കെ സുരേന്ദ്രനെയാണ് മുരളീധരപക്ഷം നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോര്‍കമ്മറ്റി വാര്‍ത്തയിലെ പിശക് ചൂണ്ടിക്കാട്ടി ബിജെപി ഓഫീസില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ ഒന്നാം സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍ പിള്ളയെ പരിഗണിക്കുന്നു എന്ന് വെളിപ്പെടുത്തിയരുന്നു. സാധ്യത പട്ടികയിലെ ഒന്നാം പേരുകാരനെ പരസ്യമാക്കിയത് ശരിയായില്ലെന്നാണ് മുരളീധര പക്ഷത്തിന്‍റെ ആക്ഷേപം.
മണ്ഡലതലത്തിൽ അഭിപ്രായ രൂപീകരണത്തിൽ കിട്ടിയ ലിസ്റ്റിലെ പേരുകൾ പരിശോധിച്ച് സാധ്യതാ സ്ഥാനാർത്ഥി പട്ടിക ഏകകണ്ഠമായി കേന്ദ്രകമ്മിറ്റിക്ക് ശുപാർശ്ശ ചെയ്യുകയായിരുന്നുവെന്നാണ് ബിജെപി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ വിശദമാക്കുന്നത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥാനാർത്ഥിത്വത്തിൽ ഒന്നാംപേരുകാരനെ നിർദ്ദേശിക്കപ്പെട്ട കാര്യത്തെ കുറിച്ചുള്ള വാർത്തയും ശുദ്ധ കളവാണ്. സി.കെ പത്മനാഭൻ നടത്തിയ അഭിപ്രായ രൂപീകരണ റിപ്പോർട്ടിലെ പേരുകളാണ് മുൻഗണനാക്രമത്തിൽ കേന്ദ്രകമ്മിറ്റിക്ക് ശുപാർശയായി നല്കിയത് .
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ഭൂരിപക്ഷം പേരുകളും വാർത്തകളും വസ്തുതാപരമായി ശരിയല്ല. സ്ഥാനാർഥികളെ കണ്ടെത്താൻ ബിജെപി നടത്തിയ അഭിപ്രായ രൂപീകരണ യോഗത്തിൽ സംസ്ഥാന അധ്യക്ഷന്റെ പേര് ഒട്ടേറെ മണ്ഡലങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ അദ്ദേഹത്തെ ഇകഴ്ത്തി കാട്ടിക്കൊണ്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സംസ്ഥാന കമ്മിറ്റി ശുപാർശചെയ്ത പേരുകളെ കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. ഇതിനിടയിൽ നിർദ്ദേശിക്കപ്പെട്ട സാധ്യതാ പട്ടികയിലെ ഒന്നാം പേരുകാർക്ക് ജനസമ്പർക്കവും മറ്റ് അനൗപചാരിക പ്രചരണങ്ങളും നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് സംബന്ദിച്ച് അന്തിമ തീരുമാനം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും മുൻപ് പ്രചാരണത്തിനു ഇറങ്ങാൻ പറഞ്ഞതു തെറ്റാണെന്ന് മുരളീധരപക്ഷം ആരോപിക്കുന്നു. ഒന്നാം പേരുകാരനോട് പ്രവർത്തനത്തിന് ഇറങ്ങാൻ നിർദേശിച്ചതു പാർട്ടി ഭരണഘടന ലംഘനമാണ്. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നല്കാനൊരുങ്ങുകയാണ് മുരളീധര പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam