Asianet News MalayalamAsianet News Malayalam

രാഹുലിന്‍റെ മാന്യത ചൂഷണം ചെയ്തത് ശരിയായില്ല; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

പ്രവാസി മലയാളികളുടെ സംഭാവനകളെ കുറിച്ചാണ് രാഹുൽ ഗാന്ധി കത്തിൽ പറയുന്നത്. അത് വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായ നടപടിയല്ലെന്ന് ചെന്നിത്തല

ramesh chennithala against pinarayi vijayan rahul gandhi letter controversy
Author
Trivandrum, First Published Jan 2, 2020, 11:42 AM IST

തിരുവനന്തപുരം: ലോക കേരള സഭക്ക് അഭിനന്ദന സന്ദേശവുമായി രാഹുൽ ഗാന്ധി അയച്ച കത്തിനെ വളച്ചൊടിച്ച് വിവാദമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസി മലയാളികളുടെ സംഭാവനകളെ കുറിച്ചാണ് രാഹുൽ ഗാന്ധി കത്തിൽ പറയുന്നത്. അത് വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല ലോക കേരള സഭ ബഹിഷ്കരിക്കാൻ സംസ്ഥാനതലത്തിൽ എടുത്ത തീരുമാനത്തിൽ ഒരു തെറ്റും ഇല്ല. ഇത്തരം കാര്യങ്ങളെല്ലാം എഐസിസിയേയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന നിര്‍ബന്ധം ഇല്ല. തീരുമാനം സംസ്ഥാന ഘടകങ്ങൾക്ക് കൈക്കൊള്ളാവുന്നതേ ഉള്ളു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

യുഡിഎഫ് ഒറ്റക്കെട്ടായാണ് ബഹിഷ്കരണ തീരുമാനം എടുത്തത്. യുഡിഎഫ് പ്രതിനിധികളാരെങ്കിലും പ്രതിനിധി സമ്മേളനത്തിനെത്തിയോ എന്നും മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ചോദിച്ചു . ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് വൻ ധൂര്‍ത്താണ്. അതിനെതിരായ നിലപാടിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Follow Us:
Download App:
  • android
  • ios