
കൊല്ലം:മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നെല്ലാം ആഘോഷിക്കപ്പെടുന്ന പിണറായി വിജയന് മൂന്ന് ദിവസമായി ഒരക്ഷരം മിണ്ടുന്നില്ല. മുഹമ്മദ് റിയാസ് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഇപ്പോൾ മിണ്ടാട്ടമില്ല.വീണാവിജയന് എതിരെ ആദായ നികുതി വകുപ്പിന്‍റെ വിധി വന്നിട്ടും കോൺഗ്രസിന് സഭയിൽ ഉന്നയിക്കാൻ താത്പര്യമില്ല.
വി.ഡി.സതീശൻ സഭയിൽ നിന്ന് പുറത്തുപോകുന്ന വേളയിലാണ് മാത്യു കുഴൽനാടൻ വായ തുറക്കുന്നെതന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ "പിണറായി വിജയൻ ഐക്യമുന്നണി" മാത്രമാണ് ഇപ്പോൾ നിലവിലുള്ളതെന്നും കേന്ദ്രമന്ത്രി കൊല്ലത്ത് പറഞ്ഞു. പുതുപ്പള്ളിയിൽ ഇരുകൂട്ടരും കൂടി ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നതാകും നല്ലതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയവരിൽ സിപിഎമ്മിന്‍റേയും കോൺഗ്രസിന്‍റേയും മുസ്ലീം ലീഗിന്‍റേയും നേതാക്കളുണ്ട്.അതുകൊണ്ടാണ് സഹകരണത്തോടെ വിഷയത്തിൽ ഇരുകൂട്ടരും നീങ്ങുന്നത്. കബളിപ്പിക്കലിന്‍റേയും ഒത്തുതീർപ്പിന്‍റേയും രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും മന്ത്രി പ്രതികരിച്ചു.