വി മുരളീധരപക്ഷം കളം പിടിക്കുന്നു; കേരള ബിജെപിയിൽ അധികാര കേന്ദ്രം മാറുന്നു

By Web TeamFirst Published May 30, 2019, 5:15 PM IST
Highlights

കേരളത്തിലെ ബിജെപിയുടെ സംഘടനാ സംവിധാനത്തിലും ശാക്തിക ചേരിയിലും ബലാബലത്തിലും വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കാൻ കൂടി പോന്നതാണ് വി മുരളീധരന്‍റെ മന്ത്രി സ്ഥാനം.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത സാഹചര്യത്തിൽ കേന്ദ്ര മന്ത്രി സഭയിൽ  കേരളത്തിനുള്ള പ്രാതിനിധ്യം ഉണ്ടായേക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെ  കേരളത്തിലെ ബിജെപിയുടെ സംഘടനാ സംവിധാനത്തിലും ശാക്തിക ചേരിയിലും ബലാബലത്തിലും വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കാൻ കൂടി പോന്നതാണ് വി മുരളീധരന്‍റെ മന്ത്രി സ്ഥാനം. ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് വി മുരളീധരൻ. അങ്ങനെ ഒരാളെ കേന്ദ്ര മന്ത്രിസഭയിലെ നിര്‍ണ്ണായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമ്പോൾ അത് നൽകുന്ന രാഷ്ട്രീയ സന്ദേശവും വലുതാണ്. 

ഏറെ പ്രതീക്ഷിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതെ കേരള ബിജെപി ഘടകം നിൽക്കുമ്പോഴാണ് വി മുരളീധരനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്. ബിജെപി കേരളാ ഘടകത്തിൽ  വലിയ അഴിച്ച് പണി ഉണ്ടായേക്കും എന്നതടക്കമുള്ള അഭ്യൂഹങ്ങളും ശക്തമാണ്. 2010-15 കാലയളവിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിരുന്ന വി മുരളീധരൻ  അധികാരമൊഴിഞ്ഞ ശേഷം കേരളത്തിന് പുറത്തുള്ള സംഘടനാ കാര്യങ്ങൾക്കായാണ് നിയോഗിക്കപ്പെട്ടിരുന്നതെങ്കിലും വലിയ തര്‍ക്കങ്ങൾ നിലനിൽക്കുന്ന ബിജെപി സംഘടനാ സംവിധാനത്തിനകത്തെ ശാക്തിക ചേരികളിലൊന്ന് എന്നും വി മുരളീധരനായിരുന്നു. 

കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് കിട്ടിയ അംഗീകാരമാണോ എന്ന ചോദ്യത്തിന് കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനം എന്നായിരുന്നു വി മുരളീധരന്‍റെ മറുപടി. സംഘടനാതലത്തിലെ മറ്റ് ചര്‍ച്ചകളെല്ലാം പിന്നീട് നടക്കുമെന്നാണ് വി മുരളീധരൻ പറയുന്നത്.  പ്രധാനപ്പെട്ട സ്ഥാനം തന്നെയാണ് മന്ത്രിസഭാ രൂപീകരണ വേളയിൽ വി മുരളീധരന് കിട്ടിയത് എന്നതും ശ്രദ്ധേയമാണ്.

ആദ്യ പട്ടികയിൽ തന്നെ മുരളീധരന്‍റെ പേര് ഉൾപ്പെടുത്തിയത് കേന്ദ്ര നേതൃത്വത്തിന് അദ്ദേഹത്തോടുള്ള പരിഗണനയാണ് വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തൽ . ന്യൂനപക്ഷ പ്രാതിനിധ്യമെന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ അൽഫോൺസ് കണ്ണന്താനത്തെ മന്ത്രിയാക്കിയെങ്കിലും മോദിയുടെ രണ്ടാം ഊഴത്തിൽ രാഷ്ട്രീയ പ്രാധാന്യമുള്ള , രാഷ്ട്രീയമായി ഇടപെടാൻ കഴിവുള്ള ഒരാളെ തന്നെ മന്ത്രിയായി തീരുമാനിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. 

ഏതായാലും മികച്ച പരിഗണനയോടെ കേന്ദ്ര മന്ത്രിസഭയിലേക്ക് കേരളത്തിന്‍റെ പ്രതിനിധിയായി വി മുരളീധരൻ എത്തുമ്പോൾ സംസ്ഥാന ബിജെപിയുടെ ഘടനയിലും അധികാര സമവാക്യങ്ങളിലും അത് വലിയ അനുരണനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഒരു അഴിച്ച് പണിയുടെ വക്കിൽ സംഘടനാ സംവിധാനം ചെന്ന് എത്തിനിൽക്കുമ്പോൾ പ്രത്യേകിച്ചും. 

click me!