വീണ കരിമണൽ കമ്പനിക്ക് നൽകിയ സേവനം പറയട്ടെ; സതീശനും നോവും, അഴിമതിക്കാര്‍ കണക്ക് പറയേണ്ടി വരുമെന്നും മുരളീധരൻ

By Web TeamFirst Published Mar 27, 2024, 5:40 PM IST
Highlights

അഴിമതിക്കാര്‍ കണക്ക് പറയേണ്ടി വരും; വി. മുരളീധരൻ, സതീശന് നോവുമെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.  മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

നരേന്ദ്രമോദി വേട്ടയാടുന്നു എന്ന സിപിഎം വാദം  വിലപ്പോകില്ല. എം.വി. ഗോവിന്ദൻ ആദ്യം, വീണ വിജയൻ കരിമണല്‍ കമ്പനിക്ക് നല്‍കിയ സേവനം എന്തെന്ന് പറയട്ടെ. സിപിഎം - ബിജെപി ഒത്തുകളി എന്ന ആരോപണം ഉയർത്തിയവർ എവിടെപ്പോയി എന്നും വി. മുരളീധരൻ ചോദിച്ചു.

വീണ വിജയന് എതിരെ കേസ് വന്നാൽ പ്രതിപക്ഷ നേതാവിന് നോവും. മാധ്യമങ്ങൾ വിഷയം പുറത്ത് കൊണ്ടുവന്നപ്പോൾ നിയമസഭയിൽ പോലും ഉന്നയിക്കാതിരുന്നയാളാണ്  വി. ഡി. സതീശൻ. തെരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം വന്നാൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നും അല്ലാത്തപ്പോൾ വന്നാൽ വേട്ടയാടലും എന്ന് ആരോപിക്കുന്നവർ ഏത് സമയത്ത് അന്വേഷണം വേണം എന്നാണ് പറയുന്നത് എന്നും വി മുരളീധരൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റും കേസേടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.  കൊച്ചിയിലെ കരിമണൽ കന്പനിയായ സിഎം ആർ എല്ലും മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയായ എക്സാലോജിക്കും നടത്തിയ സാമ്പത്തിക ഇടപാടുകൾ കളളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് കേന്ദ്ര ഏജൻസിക്ക് ലഭിച്ച നിയമോപദേശം.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി വിജയന്‍റെ മകൾക്കെതിരായ ഇ ഡി അന്വേഷണം, മറ്റൊരു രാഷ്ടീയ പോർമുഖം കൂടിയാണ് തുറക്കുന്നത്. മാസപ്പടിയിലെ കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. പ്രതിപക്ഷ കക്ഷി നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റിന് ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുന്നു എന്ന ആരോപണത്തിനിടെയാണ്  പുതിയ നീക്കം.

കേരളത്തിലേക്ക് ഇഡി; പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട 'മാസപ്പടി' കേസില്‍ ഇഡി ഇസിഐആര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!