വിമാനത്താവള പ്രമേയം; ജനാഭിലാഷത്തിനു തുരങ്കം വയ്ക്കാൻ നിയമ സഭയെ ഉപയോഗിച്ചു, മുരളീധരന്റെ വിമർശനം

By Web TeamFirst Published Aug 24, 2020, 4:24 PM IST
Highlights

ജനങ്ങൾക്കെതിരെ നിലപാടെടുത്ത് അവരുടെ ആ​ഗ്രഹങ്ങൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് കേരള നിയമസഭ സ്വീകരിച്ചത്. പിണറായി വിജയൻ സർക്കാർ ജനവിരുദ്ധമാണ് എന്നാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്. 

ദില്ലി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി​ഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്റെ നടപടിയെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജനാഭിലാഷത്തിനു തുരങ്കം വയ്ക്കാൻ നിയമ സഭയെ ഉപയോഗിച്ചു എന്നാണ് മുരളീധരൻ ട്വീറ്റ് ചെയ്തത്. 

"ജനങ്ങൾക്കെതിരെ നിലപാടെടുത്ത് അവരുടെ ആ​ഗ്രഹങ്ങൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് കേരള നിയമസഭ സ്വീകരിച്ചത്. പിണറായി വിജയൻ സർക്കാർ ജനവിരുദ്ധമാണ് എന്നാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തെ എതിർത്തുള്ള പ്രമേയം പാസ്സാക്കിയതിലൂടെ പിണറായി വിജയനും കോൺ​ഗ്രസിനും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. വികസനത്തിനും വളർച്ചയ്ക്കും വേണ്ടിയുള്ള ജനവികാരത്തെയല്ല അത് പ്രതിഫലിപ്പിക്കുന്നത്." മുരളീധരൻ ട്വീറ്റ് ചെയ്തു. 

അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കിയത്. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നൽകാനുള്ള നടപടി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി  നിയമസഭയിൽ പറഞ്ഞു . 

സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രസർക്കാർ പരിഗണിച്ചില്ല. കണ്ണൂർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. 

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവള നടത്തിപ്പിൽ മുൻപരിചയം ഉണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. യാതൊരു അനുഭവവും ഇല്ലാത്ത കമ്പനിയെയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിപ്പ് ഏൽപ്പിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെയാണ്  സംസ്ഥാന സർക്കാർ നിയമസഭയിൽ  പ്രമേയം അവതരിപ്പിച്ചത് .
 

click me!