
തിരുവനന്തപുരം: ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ കൊണ്ടുവന്ന പി ആർ ഏജൻസിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. എന്ത് നടപടിക്രമം പാലിച്ചാണ് ഇത്തരം എജൻസികളുമായി ധാരണയിൽ എത്തുന്നത് എന്ന് സർക്കാർ വിശദീകരിക്കണം. ആ ഏജൻസിയെ സർക്കാർ പരിപാടികൾ ഏൽപിക്കുന്നത് അവസാനിപ്പിക്കുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
രാജ്യവിരുദ്ധ പ്രവൃത്തി ചെയ്യുന്നവരെ ക്ഷണിച്ചു കൊണ്ടുവന്ന് പ്രൊമോഷൻ നടത്തിപ്പിച്ചത് കേരള ടൂറിസമാണെന്ന് മുരളീധരൻ ആരോപിച്ചു. അവർ അതിന് ഉത്തരം പറയണം. ഒഴിഞ്ഞുമാറാനും ഒളിച്ചോടാനും വന്ദേഭാരത് യാത്രയെ ഉപയോഗിക്കുകയാണ് സിപിഎം നേതൃത്വത്തിലുള്ള സർക്കാരെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ടൂറിസം മന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ അത്ഭുതം ഇല്ലെന്ന് മുരളീധരൻ പറഞ്ഞു. രാജ്യദ്രോഹ വിഷയങ്ങളിൽ കോൺഗ്രസ് സമീപനം ജനം കാണുന്നതാണ്. ടൂറിസം വകുപ്പിനായി പ്രൊമോഷൻ ചെയ്യുന്ന ഏജൻസിയെ വിലക്കണമെന്ന ആവശ്യമെങ്കിലും പ്രതിപക്ഷത്തിനുണ്ടോ എന്നും വി മുരളീധരൻ ചോദിച്ചു.
കാസർകോട് - തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി മുരളീധരനുമായി സംസാരിച്ച് വ്ലോഗും തയ്യാറാക്കി. 2023 ഏപ്രിൽ 25ന് കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മൽഹോത്ര യാത്ര ചെയ്തത്.
ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗർമാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവർത്തി ചെയ്യുന്ന ആളെന്ന അറിഞ്ഞിട്ടല്ല ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പ്രശസ്തരായ യൂട്യൂബർമാരെ കൊണ്ടുവന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹരിയാന സ്വദേശിയായ ജ്യോതി മൽഹോത്ര ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മെയ് 16 നാണ് അറസ്റ്റിലായത്. പഹൽഗാം ഭീകരാക്രമണ സമയത്തടക്കം പാക് ചാര സംഘടനയ്ക്ക് വിവരങ്ങൾ കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam