
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മൗനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി മുരളീധരൻ യോഗത്തിൽ പങ്കെടുത്തുവെങ്കിലും സംസാരിച്ചില്ല. മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ യോഗം പൂർത്തിയാകും മുമ്പ് അദ്ദേഹം മടങ്ങിപ്പോയി. യോഗത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം അറിയാമെന്നായിരുന്നു മുരളീധരന്റെ സാന്നിധ്യത്തിൽ തങ്ങൾ പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് എംപിമാരും എംഎൽഎ മാരും പ്രാദേശിക നേതൃത്വം ഏറ്റെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിലനിർത്തേണ്ട കമ്മ്യൂണിറ്റി കിച്ചണുകളുടെ നേതൃത്വം എംഎൽഎമാർ ഏറ്റെടുക്കണം. എംപിമാരുടേയും എംഎൽഎ മാരുടേയും യോഗം നേരത്തെ വിളിക്കേണ്ടതായിരുന്നുവെന്ന് ചില എംപിമാർ അഭിപ്രായപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന് പ്രതിപക്ഷ എംപിമാരും എംഎൽഎമാരും ആരോപിച്ചു. യോഗത്തിൽ ആദ്യം 45 മിനിട്ട് മുഖ്യമന്ത്രി മാത്രം സംസാരിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Read Also: ലോക്ക്ഡൗൺ രോഗപ്രതിരോധത്തിന് സഹായിച്ചു; രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം തള്ളി മുഖ്യമന്ത്രി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam