
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാന സർക്കാർ അറിയാതെ എൻഐഎ ഏറ്റെടുത്തുവെന്ന സിപിഎം വിശദീകരണം തള്ളി കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. കേരള പൊലീസ് യുഎപിഎ ചുമത്തിയ കേസിൽ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് എൻഎഐ ഏറ്റെടുത്തതെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പന്തീരാങ്കാവ് കേസ് എൻഐഎ ഏറ്റെടുത്ത് ദിവസങ്ങൾ നീണ്ട മൗനത്തിന് ശേഷമായിരുന്നു സംസ്ഥാന സർക്കാറിന് ഇതിൽ പങ്കില്ലെന്ന് കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പ്രസ്താവന ഇറക്കിയത്. എന്നാൽ കേരള പൊലീസ് ചുമത്തിയ കടുത്ത കുറ്റങ്ങൾ കണക്കിലെടുത്താണ് എൻഐഎ കേസ് ഏറ്റെടുത്തതെന്നാണ് വി മുരളീധരൻറെ മറുപടി. എൻഐഎ ഏറ്റെടുത്തതിൻറെ ഉത്തരവാദിത്വം കേരള പൊലീസിനും സംസ്ഥാന സർക്കാറിനുമാണെന്നാണ് വിശദീകരണം.
സംസ്ഥാന സർക്കാർ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിൽ നിന്നും തന്‍റെ വിശദീകരണത്തിലൂടെ എല്ലാം വ്യക്തമല്ലേ എന്നായിരുന്നു മുരളീധരന്‍റെ മറുപടി. യുഎപിഎ കേസുകളുടെ സ്ഥിതിവിവരങ്ങൾ അതാത് സംസ്ഥാന ആഭ്യന്തരവകുപ്പുകൾ കേന്ദ്ര സർക്കാറിനെ അറിയിക്കാറുണ്ട്. ഗൗരവസ്വഭാവം കണക്കിലെടുത്താണ് എൻഐഎ കേസ് ഏറ്റെടുക്കൽ. മുഖ്യമന്ത്രി എൻഐഐ കേസ് ഏറ്റെടുത്തതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎപിഎയിൽ പൊലീസ് നിലപാട് പൂർണ്ണമായും വിശ്വസിക്കുന്ന പിണറായി വിജയൻ അലനെയും താഹയെയും പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
യുഎപിഎ കേസ് എൻഐഎക്ക് വിട്ടത് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ; കേന്ദ്രത്തിനെതിരെ സിപിഎം
അതിനിടെ കേസ് എൻഐഎക്ക് കൈമാറിയതിൽ നിന്നും പിണറായി വിജയന് കൈകഴുകാനാകില്ലെന്ന് പ്രതിപക്ഷനേതാവും വിമർശിച്ചു. സിപിഎമ്മിന്‍റേത് മുതലകണ്ണീരാണെന്നുംഅമിത്ഷാക്ക് മുന്നിൽ നല്ല കുട്ടിയാകാനാണ് പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ സമരം തുടരുന്ന സിപിഎമ്മും സർക്കാറും യുഎപിയിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്ന വിമർശനമാണ് ശക്തമാകുന്നത്.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam