'സിപിഎം എസ്ഡിപിഐയുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ല'; നിലപാടിലുറച്ച് വി എൻ വാസവൻ

By Web TeamFirst Published Sep 14, 2021, 12:05 PM IST
Highlights

ബിജെപി എന്നും തെറ്റായ ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചിട്ടുള്ളത്. എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണച്ചത് സിപിഎം ആവശ്യപ്പെട്ടിട്ടല്ലെന്നും വാസവൻ പറയുന്നു. 

കോട്ടയം: സിപിഎം എസ്ഡിപിഐയുമായി  ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ മാറ്റമില്ലെന്നും എസ്ഡിപിഐ പിന്തുണച്ചാൽ സിപിഎം ഈരാറ്റുപേട്ടയിൽ ഭരണത്തിന് നിൽക്കില്ലെന്നും വാസവൻ വ്യക്തമാക്കി. കഴിഞ്‍ മൂന്ന് തവണ എസ്ഡിപിഐ സിപിഎം ചെയർമാനെ പിന്തുണച്ച് ഭരണത്തിൽ എത്തിയപ്പോഴും രാജിവയ്ക്കുകയാണ് ചെയ്തതെന്ന് വാസവൻ ചൂണ്ടിക്കാട്ടി. 

ബിജെപി എന്നും തെറ്റായ ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചിട്ടുള്ളത്. എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണച്ചത് സിപിഎം ആവശ്യപ്പെട്ടിട്ടല്ലെന്നും വാസവൻ പറയുന്നു. 

ഈരാറ്റുപേട്ടയിലെ പ്രശ്നം
 
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്‌ഡിപിഐ പിന്തുണയോടെ പാസായതോടെയാണ് ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായത്. ഈരാറ്റുപേട്ടയിൽ 28 അംഗ നഗരസഭയിൽ യുഡിഎഫിന് 14  അംഗങ്ങളാണുണ്ടായിരുന്നത്. എൽഡിഎഫിന് 9 അംഗങ്ങളും, എസ്ഡിപിഐക്ക് അഞ്ചും. 

ലീഗ് ചെയർപേഴ്സൺ സുഹറ അബ്ദുൾഖാദറിനോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം എസ്ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു. 

അൻസൽനയും പ്രമേയത്തെ അനുകൂലിച്ചു. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അവിശ്വാസ പ്രമേയത്തെ ആർക്കും അനുകൂലിച്ചു വോട്ടു ചെയ്യാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്. നഗരസഭയിൽ സ്വീകരിച്ചത് വിവേചനത്തിനും ഏകാധിപത്യത്തിനുമെതിരായ നിലപാടാണെന്നാണ് എസ്ഡിപിഐ പറയുന്നത്. 

click me!