
തിരുവനന്തപുരം/ ആലപ്പുഴ: കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ മുടങ്ങാതെ വിഎസ് ആലപ്പുഴയിലെ വീട്ടിലെത്തും. പാര്‍ട്ടിക്കാരും നാട്ടുകാരുമായി കൂടിക്കാഴ്ച . രാഷ്ട്രീയ വര്‍ത്തമാനങ്ങളെല്ലാം വിശദമായി ചോദിച്ചറിയും. പുന്നപ്ര വടക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിൽ എത്തി വോട്ടിടും. പതിറ്റാണ്ടുകളായി ഉള്ള പതിവ് പക്ഷെ ഇത്തവണ ഇല്ല. 246 ാം നമ്പര്‍ പേരുകാരനായ വിഎസ് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ്.
വിഎസിന്‍റെ വിജയങ്ങളും മാരാരിക്കുളത്തെ തോല്‍വിയുമൊക്കെ കേരളരാഷ്ട്രിയത്തിന്‍റെ ചരിത്രമാണ്. കണ്ണേ കരളേ വി എസേ എന്നുള്ള മുദ്രാവാക്യം ഇടതുകോട്ടകളില്‍ മുഴങ്ങാത്ത ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് കടന്ന് പോകുന്നത്. തെരഞ്ഞെടുപ്പ് വാര്‍ത്തകൾ അടക്കം ലോകകാര്യങ്ങളെല്ലാം വിശദമായി മനസിലാക്കുന്നുണ്ട്. പത്രം വായന പതിവുണ്ട്. പക്ഷെ യാത്ര ചെയ്യരുതെന്ന ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തിന് മുന്നിൽ വിഎസിന് ആലപ്പഴ യാത്ര കഴിഞ്ഞില്ല. പോസ്റ്റൽ വോട്ടിന് പരിശ്രമിച്ചെങ്കിലും ചട്ടമില്ലെന്ന് പറഞ്ഞ് അനുവദിച്ചില്ലെന്ന് മകൻ വിഎ അരുൺ കുമാര്‍ പറഞ്ഞു. വിഎസ് വരാത്തത് കൊണ്ട് ഭാര്യയും തിരുവനന്തപുരത്ത് തുടര്‍ന്നു. മകനും കുടുംബവും മാത്രമാണ് പുന്നപ്രയിലെത്തി വോട്ടിട്ടത്.
കേരം തിങ്ങും കേരളനാടിത് കെആര്‍ ഗൗരി ഭരിച്ചീടും എന്ന് ഇടത് സഹയാത്രികൾ തൊണ്ട കീറി വിളിച്ച മുദ്രാവാക്യവും കേരള രാഷ്ട്രത്തിലെ ഒളിമങ്ങാത്ത ചരിത്രമാണ്. വിഭാഗീയരാഷ്ട്രീയത്തിന്‍റെ നെറികേടിനെതിരെ പ്രതിഷേധിച്ചിറങ്ങിപ്പോയ കെആര്‍ ഗൗരിയമ്മയും ആലപ്പുഴയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കെആര്‍ ഗൗരിയമ്മയും തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് എത്താനാകാത്ത അവസ്ഥയിലാണ്.
കൊവിഡ് ബാധിതനായിരുന്നു കോൺഗ്രസ് നേതാവ് എകെ ആന്‍റണി. കൊവിഡ് മുക്തനായിട്ടും കേരളത്തിലേക്ക് യാത്ര സുരക്ഷിതമല്ലാത്ത ആരോഗ്യ അവസ്ഥയിലായത് കൊണ്ട് എകെ ആന്‍റണിയും ഇത്തവണ വോട്ട് മുടക്കി, ദില്ലിയിലെ വീട്ടിലാണ് എകെ ആന്‍റണി. ആര്‍ ബാലകൃഷ്ണപിള്ള, വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നിവരും ആരോഗ്യ കാരണങ്ങളാൽ ബൂത്തിലേക്ക് എത്തിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam